ങ്ങളെ ചിന്തിച്ച്, മനസ്സുകൊണ്ടു മാളികകൾ പണിയുന്നതിനിടയിൽ, ഒരു കൃഷ്ണവിഗ്രഹം അവന്റെ മുമ്പിൽ ആവിർഭവിച്ചു. വനസുഖം ആസ്വദിച്ചു മദോന്മത്തനായി സഞ്ചരിക്കുന്ന കരടിയെപ്പോലെതന്നെ ആ വിഗ്രഹം നിർഭാഗ്യവാനായ ഭടനെ ഒന്നു പരിരംഭണം ചെയ്തു. എല്ലുകൾ തകരുന്ന ഒരു ശബ്ദവും ശ്വാസംമുട്ടിയുള്ള ഞറുങ്ങലുംകൊണ്ടു ഭടന്റെ കഥ അവസാനിച്ചു. ഈ ബലികർമ്മത്തിന്റെ ഫലമായി ഭട്ടനാൽ നിർമ്മിതമായ സരസ്സിൽ അടുത്ത ദിവസത്തിൽ ഉണ്ടായ ജലജത്തിന്റെ സന്ദർശനം തിരുമലരായരും ഭട്ടനും ആരംഭിക്കുന്ന പ്രസ്ഥാനത്തിന്റെ പരിണാമത്തിന് ഒരു സൂക്ഷ്മശകുനമായിരുന്നു.
ആ രാത്രിയിൽത്തന്നെ മാരീചരാവണന്മാരുടെ കൂടിക്കാഴ്ചപോലുള്ള ഒരു സന്ദർശനം ഭട്ടന്റെ മണിയറയ്ക്കകത്തുവച്ചു നടന്നു. ആ സന്ദർശനത്തിലെ രാവണൻ സ്വയമേ സന്നിഹിതനായതല്ലായിരുന്നു. ഭട്ടന്റെ ഒരു ആജ്ഞാകരനാൽ ആനീതനായി തിരുമലരായർ ആ സന്ദർശനത്തിനു വഴിപ്പെട്ടതായിരുന്നു. ദീർഘകായനായ ആ തന്ത്രവിദഗ്ദ്ധൻ ഭട്ടനെ അഭിവാദ്യങ്ങൾകൊണ്ട് ആദരിക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ മുഖം കോപകാലുഷ്യത്താൽ ചുവന്നു ജൃംഭിച്ചിരിക്കുന്നു. മഞ്ചത്തിന്മേൽ ബ്രാഹ്മണാഢ്യന്റെ വേഷത്തിലിരിക്കുന്ന ഭട്ടനാൽ ക്ഷണിക്കപ്പെട്ടിട്ടും രായർ ആസനസ്ഥനാകുന്നില്ല. എന്നാൽ ആ സന്ദർശനത്തെ അവസാനിപ്പിച്ചിട്ടു പിരിയണമെന്നുള്ള തിടുക്കത്തെ രായർ മര്യാദയെ ലംഘിച്ചും പ്രത്യക്ഷമാകുന്നു. ഭട്ടൻ തന്റെ മഹത്ത്വത്തിന്റെ വില കുറപ്പാൻ സന്നദ്ധനല്ലാത്തതിനാൽ അല്പനേരം നാമജപനാട്യത്തിൽ മിണ്ടാതെയിരുന്നിട്ട്, പ്രാകൃതഹിന്ദുസ്ഥാനിയിൽ ചോദ്യം തുടങ്ങി.
ഭട്ടൻ: "താഴത്തെ മണ്ഡപത്തിൽവച്ചു നടന്ന ഗൂഢാലോചനയുടെ സാരം ഈ വൃദ്ധനെക്കൂടി ഗ്രഹിപ്പിച്ചുകളയുക."
തിരുമലരായർ: (ശുദ്ധമായ ഹിന്ദുസ്ഥാനിയിൽ) "സർവ്വശക്തനാൽ അനുഗ്രഹിക്കപ്പെട്ട മണ്ഡലാധീശന്മാർ രാജ്യരക്ഷാർത്ഥം നിയോഗിക്കുന്ന കാര്യങ്ങളെ അവിഹിതമായി ഗ്രഹിപ്പാൻ ആഗ്രഹിക്കുന്നവർക്കുള്ള അനുഭവം എന്തെന്ന് ഗുരുജനമറിയുന്നോ?"
ഭട്ടൻ: (ഒരു ആശ്ചര്യച്ചിരിയോടെ) "ഭഃ! ഗൂഢമായുള്ള സ്വാമിനിയോഗങ്ങളെ പരസ്യമാകുംവണ്ണം നിർവ്വഹിക്കുന്ന ദാസനു കിട്ടേണ്ട ശിക്ഷ എന്താണെന്നുകൂടി പഠിപ്പിച്ചുതരിക."
തിരുമലരായർ: "മഹാരാജാവിന്റെ പ്രസാദത്താൽ സമ്പന്നനായ ഗാംഗുറാം സേട്ട് ശത്രുവിന്റെ ചാരനായ ഒരു സർപ്പത്തിനെ ധർമ്മകർത്താസ്ഥാനം നല്കി വാഴിച്ചിരിക്കുന്നു എന്നുള്ള വസ്തുത ടിപ്പുസുൽത്താൻ മഹാരാജാബഹദൂർ തിരുമനസ്സിലെ വിശാലബുദ്ധിയും ഗ്രഹിച്ചില്ല. അവിടുത്തെ ദാസനായ ഇവനോടുകൂടി എത്ര ഭടജനം വന്നിട്ടുണ്ടെന്നു ഗുരുജി അറിയുന്നോ?"
ഭട്ടൻ: "ഭടജനം! രാജാധികാരം! മകനെ, അക്കഥകൾ അങ്ങു വച്ചേക്കുക. ഹൈദർനായക്കൻ ഇന്നു ജീവിച്ചിരിക്കുന്നോ? ചാമരാജാവിന്റെ