ഭാര്യതന്നുടെ ലക്ഷണം കണ്ടിട്ടു
ഭർത്താവിനുള്ളിലുണ്ടായ ചഞ്ചലം
വൃത്തിദോഷം വിചാരിപ്പതിനൊന്നും
ഹേതു കണ്ടില്ല പുണ്യമേ കണ്ടുള്ളൂ
എന്താവകാശമിങ്ങനെ കണ്ടത്
ചിന്തയാലതിനന്തവും കണ്ടില്ല
നിർമ്മലവ്രതം ഞാനുമെൻ ഭാര്യയും
ധർമ്മദോഷമോ എന്തിതു ദൈവമേ
ഗർഭമെന്നതു നിശ്ചയമെങ്കിലോ
കീർത്തിഹാനിയെ വരുത്തിക്കൊള്ളാതെ
ഭാര്യതന്നെ ഉപേക്ഷിക്കണമെന്നും
ധൈര്യമുള്ളിലുറച്ചിതു താപസൻ
പുണ്യവാന്റെ മനസ്സിലെ വേദന
തണുപ്പിപ്പാൻ ദയാപരൻ കല്പിച്ചു
മാലാഖായുമാന്നേരമയാളോടു
കാലം വൈകാതെ ചൊല്ലി സുവാർത്തകൾ
"സംശയമില്ല പത്നിയെ ശങ്കിപ്പാൻ
മംഗല ഭാര്യെപ്പാലിക്കു സാദരം
ഗർഭം സർവ്വേശ റൂഹായാലെന്നറി
നീ ഭയം നീക്കിസ്സന്തോഷിച്ചീടുക
പുത്രനെപ്പെറും നിർമ്മല കന്യക
സുതനെ 'ഈശോ' പേർ നീ വിളിക്കേണം
ദോഷത്താലുള്ള കേടുകൾ തീർത്തിടും
രക്ഷിക്കുമിയാൾ തനിക്കുള്ളോർകളെ
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധിയൊഴിഞ്ഞാനന്ദിച്ചന്നയാൾ
വന്നു ഭാര്യയെ കുമ്പിട്ടു പുണ്യവാൻ
തനിക്കുണ്ടായ ശങ്കയും കേൾപ്പിച്ചു
ദേവമാതാവോടുള്ളഴിവോടു താൻ
സേവിച്ചെന്റെ പിഴ നീ പൊറുക്കണം
ഉള്ളിലാധിയൊഴിഞ്ഞാറെ തന്നുടെ
ഉള്ളിലുള്ള സന്തോഷവും കേൾപ്പിച്ചു
പുണ്യവാളൻ പറഞ്ഞതു കേട്ടപ്പോൾ
പുണ്യവാരിധി കന്യയരുൾച്ചെയ്തു.
താൾ:Puthenpaana.djvu/31
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു