താൾ:Puthenpaana.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
25
 

നീ വധുക്കളിലാശീർവ്വാദപ്പെട്ടു.”       20
ഇത്യാദി വാക്കു കേട്ടുടൻ കന്യക
അത്യന്തം പരിഭ്രമിച്ചു ശങ്കിച്ചു.        21
സ്തുതിരൂപമാം വാക്കിതെന്തിങ്ങനെ
ചിന്തിച്ചു മഹാവികാരം പൂണ്ടുടൻ       22
മാനസത്തിലെ ശങ്ക കാണും വിധൌ
വന്ന ദൂതനുണർത്തിച്ചതുനേരം       23
“ചിന്ത നീക്കിൻ മറിയം, പേടിക്കേണ്ട
തമ്പുരാന്റെ പ്രസാദം നിനക്കുണ്ട്       24
നിനക്കുദരേ ഗർഭമുണ്ടായ്‌വരും
സൂനുവെ പ്രസവിക്കുമനന്തരം”       25
“അവനെ 'യീശോ' പേർ നീ വിളിക്കേണം
ഭുവനങ്ങളിൽ വലിയവനാകും       26
ഏകതപ്പെട്ടവനു പുത്രനിവൻ
സകലേശനനന്ത ദയാപരൻ       27
ജനകനാകും ദാവീദുരാജന്റെ
തനായനിയാൾ വാഴും സിംഹാസനേ"       28
അന്നേരമരുളിചെയ്ത കന്യക
"എങ്ങനെ ഭവിച്ചീടുമിതൊക്കെവേ!       29
പുരുഷസംഗമറിയുന്നില്ല ഞാൻ
നരസംമോഹവ്യത്യാശയില്ലമേ       30
നിർമ്മലനായ സർവ്വേശാ സാക്ഷിണി
നിർമ്മല കന്യാവ്രതവും നേർന്നു ഞാൻ       31
ഉത്തമമുണർത്തിച്ചിതു മാലാഖ
സത്വമായ വചനങ്ങൾ പിന്നെയും       32
റൂഹാദക്കുദാശായിറങ്ങും നിന്നിൽ
സിംഹാസനമയാൾക്കു നീയാകുമേ,        33
അഭൂതപൂർവ്വ വിസ്മയവൃത്തിയാൽ
നിൻ വയറ്റിൽ ജനിച്ചിടും സുപ്രജ       34
കന്യാത്വത്തിനും ക്ഷയമുണ്ടാകാതെ
കന്യകേ! ദൈവമാതാവാകും നീയേ       35
ആലാഹാ പുത്രൻ നിന്മകനായ് വരും
ആലസ്യം നരർക്കയാളൊഴിച്ചിടും       36
എന്നുതന്നെയുമല്ല വിശേഷിച്ച്
നിന്നുടെയിളയമ്മയാമേലീശ്വാ       37

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/27&oldid=216780" എന്ന താളിൽനിന്ന് ശേഖരിച്ചത്