താൾ:Puthenpaana.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
15
 

വീഴ്ചയാലടി നാശവും വന്നു നാം
താഴ്ചയേറും കുഴിയതിൽ വീണിത്       60
പൊയ്പോയ ഗുണം ചിന്തിച്ചു ചിന്തിച്ചു
താപത്തിനു മറുകരകാണാതെ       61
പേർത്തു പേർത്തു കരഞ്ഞവർ മാനസേ
ഓർത്തു ചിന്തിച്ചുപിന്നെ പലവിധം       62
ശിക്ഷയായുള്ള നന്മകളഞ്ഞു നാം
രക്ഷയ്ക്കെന്തൊരുപായം നമുക്കിനി       63
ഇഷ്ടവാരിധി സർവ്വൈകനാഥനെ
സാഷ്ടാംഗസ്തുതിചെയ്തു സേവിക്കണം       64
അവിടന്നിനി മംഗലമേ വരൂ
അവിടെ ദയാലാഭ മാർഗ്ഗമുണ്ടാം       65
അറ്റമറ്റ ദയാനിധി സ്വാമിയേ-
കുറ്റം പോവതിനേറെ സേവിച്ചവർ       66
സൈവൈക ഗുണസ്വരൂപാ ദൈവമേ!
അവധി തവ കരുണയ്ക്കില്ലല്ലോ.       67
പാപംചെയ്തുനാമേറെ പീഡിക്കുന്നു
താപം നീക്കുക സർവ്വദയാനിധേ        68
ന്യായം കൽപിച്ച ദൈവമേ നിന്നുടെ
ന്യായം നിന്ദിച്ച നിങ്ങൾ ദുരാത്മാക്കൾ,       69
ന്യായലംഘനം കാരണം നിന്നുടെ
ന്യായശിക്ഷ തികയ്ക്കല്ലേ നായകാ!       70
കണ്ണില്ലാതെ പിഴയ്ക്കയാൽ ഞങ്ങൾക്കു
ദണ്ഡമിപ്പോൾ ഭവിച്ചു പലവിധം       71
ദണ്ഡത്തിൽ നിന്റെ തിരുവുള്ളക്കേടാൽ
ദണ്ഡമേറ്റം നമുക്കയ്യോ ദൈവമേ       72
ആർത്തെരിയുന്നോരാർത്തിയമർത്തുവാൻ
പേർത്തു നീയൊഴുഞ്ഞൊരു ദയാനിധേ!       73
സർവ്വേശാ നിന്റെ കാരുണ്യശീതളം
സർവ്വതൃപ്തി സുഖം സകലത്തിനും       74
ദേവസൗഖ്യം ഞങ്ങൾക്കു കുറകയാൽ
അവധിഹീന സംഭ്രമവേദന,       75
അയ്യോ പാപം നിരന്തര മഹത്വമെ
അയ്യോ ബുദ്ധിക്കന്ധത്വം ദുർഭാഗ്യമെ       76

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/17&oldid=215851" എന്ന താളിൽനിന്ന് ശേഖരിച്ചത്