ദേവകല്പന ശങ്കിച്ചിടാതന്നു
അവൾ ചൊന്നതു സമ്മതിച്ചക്കനി 26
തിന്നവൻ പിഴപെട്ടൊരനന്തരം
പിന്നെയും ദേവഭീതി ധരിച്ചില്ല. 27
ഉന്നതനായ ദേവനതുകണ്ടു
തന്നുടെ നീതിലംഘനം ചെയ്കയാൽ 28
താതൻ തന്റെ തനയരോടെന്നപോൽ
നീതിമാനഖിലേശ്വരൻ കോപിച്ചു. 29
ആദം! നീയെവിടെ എന്നരുൾ ചെയ്തു
നാദം കേട്ടു കുലുങ്ങി പറുദീസാ. 30
ആദവും അഴകേറിയ ഭാര്യയും
ഭീതി പൂണ്ടു ഭ്രമിച്ചു വിറച്ചുടൻ 31
ദൈവമംഗലനാദങ്ങൾ കേട്ടപ്പോൾ
ദൈവീക മുള്ളിൽ പൂക്കുടനാദവും 32
ദൈവന്യായം കടന്നതു ചിന്തിച്ചു
ദൈവമേ പിഴച്ചെന്നവൻ തേറിനാൽ 33
നാണമെന്തെന്നറിയാത്ത മാനുഷൻ
നാണിച്ചു പത്രവസ്ത്രം ധരിച്ചുടൻ, 34
ചെയ്ത ദോഷത്തിനുത്തരമപ്പോഴേ
സുതാപത്തോടനുഭവിച്ചാരവർ 35
അമ്പൊഴിഞ്ഞു പിശാചിനോടൊന്നിച്ചു
പാമ്പു ദൈവാജ്ഞ ലംഘിപ്പിച്ചെന്നതാൽ 36
നിന്റെ വായാൽ നീ വചിച്ചതുകൊണ്ടു
നിന്റെ ദോഷം നിൻവായിൽ വിഷമൊന്നും 37
പൂണ്ടു മണ്ണിലിഴഞ്ഞു വലകെന്നും
കണ്ടവർ കൊല്ലുകെന്നും ശപിച്ചുടൻ 38
സർവ്വനാഥനെയാദം മറക്കയാൽ
സർവ്വജന്തുക്കളും മറന്നാദത്തെ 39
തമ്പുരാൻ മുമ്പവർക്കു കൊടുത്തൊരു
വമ്പുകൾ വരം നീക്കി വിധിച്ചിത് 40
പൈയും ദാഹം ക്ഷമിക്കേണമെന്നതും,
വിയർപ്പോടു പൊറുക്കേണമെന്നതും, 41
വ്യാധി ദുഃഖങ്ങളാൽ വലകെന്നതും,
ആധിയോടു മരിക്കണമെന്നതും, 42
താൾ:Puthenpaana.djvu/15
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
13