താൾ:Puthenpaana.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
5810
ഒന്നാം പാദം
 

ചൊല്പെരിയവൻ കല്പിച്ചതുപോലെ
ഉൾപ്രസാദിച്ചവരിരിക്കും വിധൌ       82
അപ്പോഴെ നരകത്തിലസുരകൾ
ഉൾപുവിലതിദ്വേഷം കലർന്നുടൻ       83
മുന്നം വാനതിലാഞ്ചുക്കളായി നാം
ഉന്നതപ്രഭയോടെ വിളങ്ങുന്നാൾ       84
അന്നു ദേവതിരുവുള്ളക്കേടിനാൽ
വൻനരകത്തിൽ പോന്നതിവർ മൂലം       85
മർത്ത്യദേവനെ വന്ദിച്ചാരാധിപ്പാൻ
കീർത്തിഹീനം നമുക്കു വിധിച്ചത്       86
ഒത്തു സമ്മതിച്ചില്ലെന്ന കാരണത്താൽ
കർത്താവു നമ്മേ ശിക്ഷിച്ചധോലോകേ       87
അന്നു നാശം നമുക്കു ഭവിച്ചതു
മിന്നരകുലത്തിന്നുടെ കാരണം       88
എന്നതുകൊണ്ടീ മനുഷവർഗ്ഗത്തെ
ഇന്നരകത്തിൽ കൂടെ മുടിക്കേണം       89
ദേവൻ നമ്മേ ശിക്ഷിച്ചതിനുത്തരം
ദേവസേവകരെ നശിപ്പിക്കേണം       90
ദേവനോടും മാലാഖാവൃന്ദത്തോടും
ആവതല്ലിവരോടേ ഫലിച്ചീടു,        91
മെന്നതിനെന്തുപായം നമുക്കെന്നു-
വന്നരക പിശാചുക്കൾ ചിന്തിച്ചു.       92
ദേവനിഷ്ടരവരതു കാരണം
ആവതില്ല നമുക്കവരോടിപ്പോൾ       93
അവരിൽ തിരുവുള്ളം കുറയുമ്പോൾ
അവരോടു ഫലിക്കും നമുക്കഹോ       94
തിരുവുള്ളം കുറയണമെങ്കിലോ
അരുളപ്പാടവരു കടക്കേണം       95
ദേവകല്പന ലംഘിക്കിലാരേയും
ദേവൻ ശിക്ഷിക്കുമെന്നു ഗ്രഹിച്ചല്ലോ       96
എങ്കിലോയിവർക്കുമൊരു പ്രമാണം
സകലേശ്വരൻ കല്പിച്ചിട്ടുണ്ടല്ലോ       97
എന്നാലാവിധി ലംഘനം ചെയ്യിപ്പാൻ
ചെന്നു വേലചെയ്തിടേണം നാമിപ്പോൾ       98
എന്നുറച്ചു പിശാചു പുറപ്പെട്ടു

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/12&oldid=215786" എന്ന താളിൽനിന്ന് ശേഖരിച്ചത്