മ്പോൾ കേവലം മാസലോഭംകൊണ്ടു നീ എന്നെ മുറിപ്പെടുത്തിയതു എത്രത്തോളം ധൎമ്മമാണെന്നു നീ അറിയുന്നുണ്ടോ? നായാട്ടുഭ്രാന്തന്മാരായ നരപതികൾപോലും ഉറങ്ങിക്കിടക്കുകയോ മുലകുടിപ്പിക്കുകയോ ചെയ്യുന്ന മൃഗങ്ങളെ കൊല്ലാറില്ലെന്നു ഞാനുംകൂടി കേട്ടിട്ടുണ്ടു്. നീ കേട്ടിട്ടില്ലേ? കുട്ടിയെ കുടിപ്പിച്ചുകൊണ്ടിരുന്ന എന്നെ അമ്പെയ്തു കൊല്ലുവാൻ പുറപ്പെട്ട അവിവേകിയായ നീ മാംസഭക്ഷണംചെയ്തു ജീവിക്കുന്ന ഒരു നരിയായിത്തീൎന്നു് മുള്ളുകൾ നിറഞ്ഞ ഈ വൻകാട്ടിൽ മൃഗങ്ങളെ പിടിച്ചു തിന്നുകൊണ്ടു നടക്കും. |
നിൎദ്ദോഷിയായ മാൻപേട കോപത്തോടു കൂടി ഇപ്രകാരം ശപിച്ചപ്പോൾ പ്രബുദ്ധനായ രാജാവു് തന്റെ ആലോചനക്കുറവിനെപ്പറ്റി പശ്ചാത്തപിച്ചുംകൊണ്ടു മാനിന്റെ മുമ്പിൽ ചെന്നുനിന്നു വിനയത്തോടുകൂടി പറഞ്ഞു.
രാജാവു്__ഭദ്രേ, നീ കുട്ടിക്കു മുല കൊടുത്തുംകൊണ്ടിരുന്ന വിവരം ഞാൻ അറിഞ്ഞതേയില്ല. അതുകൊണ്ടു് അറിയാതെ ചെയ്തുപോയ ഈ അപരാധത്തെ നീ സദയം ക്ഷമിച്ചു് എനിക്കു ശാപമോക്ഷം നൽകണം. നിന്റെ ഉഗ്രമായ ഈ ശാപം കൊണ്ടു് ഉടനെ ഉണ്ടാവാൻപോകുന്ന വ്യാഘ്രരൂപത്തെ വിട്ടു് എന്റെ മാനുഷമായ ഈ സ്വരൂപത്തെ പിന്നേയും പ്രാപിപ്പാൻ എനിക്കു് എപ്പോൾ സാധിക്കുമെന്നുള്ളതും പറഞ്ഞുതരണം. |