Jump to content

താൾ:Puranakadhakal Part 1 1949.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നകുലോപാഖ്യാനം

ത്തെ അന്വേഷിച്ചുംകൊണ്ടു ഞാൻ നാടുതോറും നടക്കുകയാണു്. അനേകം തപോവനങ്ങളിലും യാഗശാലകളിലും പോയി അതുപോലെയുള്ള മറ്റൊരു പരിശുദ്ധകർമ്മം കാണ്മാൻ കഴിയാതെ ഇരിക്കുമ്പോഴാണു യുധിഷ്ഠിരമഹാരാജാവിന്റെ യാഗം നടക്കുന്നതായി ഞാൻ കേട്ടതു്. ആ വർത്തമാനം കേട്ട ഉടനെ ഞാൻ അസാമാന്യസന്തോഷത്തോടുകൂടി ഇങ്ങോട്ടു പുറപ്പെട്ടു. ഈ യാഗശാലയിൽ മുഴുവനും കിടന്നുരുണ്ടിട്ടും എന്റെ ശരീരത്തിലുള്ള ഒരു രോമംപോലും സ്വർണ്ണവർണ്ണമായില്ല. മുമ്പുതന്നെ സൌവർണ്ണമായിത്തീർന്നിരുന്ന ശരീരാർദ്ധമല്ലാതെ ബാക്കിയുള്ള ഭാഗം ഒരു ലേശംപോലും തങ്കനിറമായിട്ടുണ്ടോ എന്നു നിങ്ങൾതന്നെ നോക്കുക. അതുകൊണ്ടാണു ഞാൻ നാലുനാഴി മലർപ്പൊടികൊണ്ടു നിർമ്മലചിത്തനായ വിപ്രൻ നടത്തിയ യജ്ഞം ഇതിനേക്കാൾ മാഹാത്മ്യമേറിയതാണെന്നു പറഞ്ഞതു്. എന്നിപ്രകാരം നകുലം പറഞ്ഞ വിസ്മയാവഹമായ വിപ്രയജ്ഞവൃത്താന്തം കേട്ടു യുധിഷ്ഠിരപുരോഹിതന്മാർ ദ്രവ്യദർപ്പമെല്ലാം ദൂരെക്കളഞ്ഞു ദരിദ്രനായ ദ്വിജവരന്റെ ദാനത്തെ പ്രശംസിച്ചുകൊണ്ടു യഥാഗതം ഗമിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/55&oldid=215616" എന്ന താളിൽനിന്ന് ശേഖരിച്ചത്