താൾ:Puranakadhakal Part 1 1949.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എ. പദാർത്ഥവിവരണം

1. ഭാരതവർഷം-- സംസ്കൃതഭാഷ സംസാരിച്ചിരുന്ന ആര്യ്യന്മാരുടെ പണ്ടയ്ക്കുപണ്ടേ ഉള്ള ഭൂമിശാസ്ത്രത്തിൽ ഭൂമിയെ ഒമ്പതു് ഖണ്ഡങ്ങളായി വിഭാഗിച്ചിരുന്നു. അവയിലൊന്നാണു് ഭാരതവർഷം. അതായതു്, പിന്നീടു മറുനാട്ടുകാർ ഇന്ത്യ എന്നു പേരിട്ട നമ്മുടെ രാജ്യം.

2. ക്ഷത്രിയന്മാർ-- ഇന്ത്യയിൽ ആദ്യത്തിലുണ്ടായ നാലു ജാതികളിൽ മാന്യതകൊണ്ടു രണ്ടാമത്തെ ജാതിക്കാർ. ഇവരുടെ പ്രവൃത്തി നാടു വാഴുകയാണു്.

3. മഹാബലി ചക്രവർത്തി-- മഹാബലി ഒരു അസുരരാജാവായിരുന്നു. മൂന്നുലോകവും കീഴടക്കിയിരുന്ന അദ്ദേഹത്തിന്റെ കൈവശത്തിൽനിന്നു് അതു മുഴുവൻ വാങ്ങുവാനായി വിഷ്ണു വാമനാവതാരം ചെയ്തു ബ്രഹ്മചാരിയുടെ വേഷം കൈക്കൊണ്ടു മൂന്നടി മണ്ണു യാചിച്ചു. ത്രിലോകചക്രവർത്തി തരാമെന്നു വാക്കുകൊടുത്തു. വിഷ്ണു അളന്നപ്പോൾ മൂന്നു ലോകവും കൂടി മൂന്നടി തികഞ്ഞില്ല. മഹാബലിക്ക് ഇരിക്കാൻ ഒരിടമില്ലാതായി. വാഗ്ദത്തം രക്ഷിക്കണമെന്നില്ലെങ്കിൽ അങ്ങിനെ കഷ്ണിക്കേണ്ടിവരില്ലായിരുന്നു.

4. പഞ്ചഭൂതങ്ങൾ-- മണ്ണ്, വെള്ളം, വെളിച്ചം, കാറ്റു്, ആകാശം എന്നിവയെ അഞ്ചു ഭൂതങ്ങളെന്നു പണ്ടത്തെ ശാസ്ത്രജ്ഞന്മാർ വിളിച്ചിരുന്നു.

5. നവഗ്രഹങ്ങൾ-- 1 സൂര്യ്യൻ (ഞായർ) 2. ചന്ദ്രൻ (തിങ്കൾ), 3. കുജൻ (ചൊവ്വ), 4. ബുധൻ, 5. വ്യാഴം, 6. ശുക്രൻ (വെള്ളി), 7. ശനി, 8. രാഹു. 9. കേതു എന്നിവ.

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/56&oldid=215617" എന്ന താളിൽനിന്ന് ശേഖരിച്ചത്