നകുലോപാഖ്യാനം
ദംകൊണ്ടു വ്യാകുലനായി. അതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ പുത്രനും തന്റെ ഓഹരിയെ അച്ഛന്റെ കൈവശം കൊടുത്തു പറഞ്ഞു. പുത്രൻ-- ക്ഷുത്തുകൊണ്ടു പീഡിതനായ അതിഥിക്കു് ഇതുംകൂടി കൊടുക്കുക. പിതാവിന്റെ ജീവിതത്തേയും ധർമ്മത്തേയും പരിപാലിക്കുന്നതാണു് ഒരു പുത്രന്റെ പരമമായ ധർമ്മം. സ്വജീവിതത്തേക്കാൾ ധർമ്മത്തെ രക്ഷിപ്പാൻ അധികം അഭിലഷിക്കുന്ന അങ്ങയുടെ ആഗ്രഹസിദ്ധിക്കു് ഇതും ഉപകരിക്കട്ടെ. വൃദ്ധനായ അങ്ങുന്നു ശരീരധാരണത്തിൽപോലും ശ്രദ്ധിക്കാതെ ധർമ്മത്തെ രക്ഷിക്കുമ്പോൾ തരുണനായ ഞാൻ ചെയ്യേണ്ടതെന്താണെന്നു സംശയിപ്പാനുണ്ടോ? ഗ്രഹസ്ഥൻ-- നമ്മൾ രണ്ടുപേരും ഒരുപോലെ അല്ല. ഞാൻ ചിരകാലം സുഖങ്ങൾ അനുഭവിച്ചു ജീവിതത്തിൽ നിരഭിലാഷനായിരിക്കുന്നു. വളരെ തപസ്സുകൾചെയ്തു ക്ലേശങ്ങൾ സഹിച്ചു ശീലിച്ച എനിക്കു ദുഃഖാനുഭവത്തിലും മരണത്തിലും ഭയമില്ലാതായിട്ടുണ്ടു്. നീ ഒരു ബാലനാണു്. നീ ഇത്ര ചെറുപ്പത്തിൽതന്നെ കായക്ലേശംചെയ്തു് ആയുസ്സിനെ ക്ഷയിപ്പിച്ചാൽ സുഖാനുഭവത്തിന്നും ധർമ്മാർജ്ജനത്തിന്നും വഴിയില്ലാതായിത്തീരും. എങ്കിലും നിന്റെ ധർമ്മശ്രദ്ധയെ ഞാൻ അഭിനന്ദിക്കുന്നു. അതിനെ നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുമില്ല.