പുരാണകഥകൾ
എന്നുപറഞ്ഞു ഗ്രഹസ്ഥൻ പുത്രന്റെ മലർപ്പൊടി വാങ്ങി അതിഥിക്കു ദാനംചെയ്തു. സ്പർശിക്കുന്നതെല്ലാം ദഹിപ്പിക്കുന്ന അഗ്നിപോലെ ജ്വലിക്കുന്ന ബുഭുക്ഷയാൽ ബാധിക്കപ്പെട്ട അതിഥിക്കു് അതുകൊണ്ടും തൃപ്തി വന്നില്ല. ധർമ്മാത്മാവായ ഗൃഹസ്ഥൻ പിന്നേ വിഷാദമഗ്നനായി. അപ്പോൾ പുത്രഭാര്യ്യ അവളുടെ ഓഹരിയായി വേർതിരിച്ചുവെച്ചിരുന്ന മലർപ്പൊടിയേയും ശ്വശുരന്റെ കൈവശംകൊടുത്തു് അതും അതിഥിക്കു സമർപ്പിക്കുവാൻ അപേക്ഷിച്ചു. ബാലയായ അവളുടെ ആഹാരത്തെ അപഹരിക്കുന്നതു ശരിയല്ലെന്നു ഗൃഹസ്ഥനു തോന്നി. എങ്കിലും അവളുടെ നിബന്ധത്താൽ ഒടുവിൽ അദ്ദേഹം അതും അതിഥിക്കു നൽകി. ആ മലർപ്പൊടികൂടി ഭക്ഷിച്ചപ്പോൾ അതിഥിക്കു സംതൃപ്തി വരികയും പുരുഷവേഷം പൂണ്ടു ബ്രാഹ്മണന്റെ ധർമ്മശ്രദ്ധയെ പരീക്ഷിപ്പാനായി വന്ന ധർമ്മം സകുടുംബനായ ബ്രാഹ്മണനോടു് ഇപ്രകാരം പറകയും ചെയ്തു. ധർമ്മം-- അല്ലയോ ബ്രാഹ്മണ! അങ്ങയുടെ ഈ ദാനം കൊണ്ടു ഞാൻ ഏറ്റവും സന്തുഷ്ടനായിരിക്കുന്നു. ന്യായാർജ്ജിതവും നിർമ്മലഹൃദയത്തോടുകൂടി ദാനം ചെയ്യപ്പെട്ടതുമായ അങ്ങയുടെ മലർപ്പൊടി ഭക്ഷിച്ചതുകൊണ്ടുള്ള പ്രീതി ഇതിന്നുമുമ്പു് ഒരിക്കലും ഞാൻ അനുഭവിക്കാത്തതാണു്. അങ്ങയുടെ ദാനത്തെ പ്രശംസിച്ചുകൊണ്ടു ദേവകൾ ഇതാ പുഷ്പവർഷം ചെയ്യുന്നു. പുത്രകളത്രാദികളിലുള്ള