ത്തേയും ധൎമ്മബോധത്തേയും കണ്ടപ്പോൾ ആ കപോതം മനസ്സലിഞ്ഞു ശരണാഗതനായ ശത്രുവിനെ ശുശ്രൂഷിപ്പാനുള്ള ശ്രമം തുടങ്ങി. അന്നന്നു തിന്മാൻ മാത്രം വല്ല നെന്മണിയോ മറേറാ അങ്ങുമിങ്ങും പറന്നു പെറുക്കിക്കൊണ്ടുവന്നു കാലം കഴിച്ചുകൂട്ടുന്ന ഒരു പക്ഷിയുടെ കൈവശം മനുഷ്യരെ സത്കരിപ്പാനുള്ള ഉപകരണങ്ങളിൽ എന്താണുണ്ടായിരിപ്പാൻ വഴിയുള്ളതു? മറെറാന്നുമില്ലെങ്കിലും മധുരമായ വാക്കുകൊണ്ടു സത്കരിക്കാമെന്നുറച്ചു ആ ഗൃഹസ്ഥകപോതം വേടന്റെ അടുക്കെ ചെന്നുണൎത്തിച്ചുപറഞ്ഞു.
കപോതം__അല്ലയോ അതിഥേ, അങ്ങയ്ക്കു സ്വാഗതം. ശത്രുവിന്റെ ഗൃഹത്തിൽ ശരണാഗതനായി വന്നതിനെപ്പററി അങ്ങു ലേശം ഖേദിക്കരുതു. സ്വന്തം ഗൃഹത്തിലെന്ന പോലെ ഇവിടെയുള്ളതെല്ലാം അങ്ങയുടെ സ്വാധീനമാണു്. കൊമ്പു മുറിപ്പാൻ വരുന്നവരെ തണൽ കൊണ്ടു കുളിപ്പിക്കുന്ന വൃക്ഷങ്ങളുണു ഞങ്ങൾക്ക് അതിഥിപൂജാക്രമം പഠിപ്പിച്ചിട്ടുള്ളതു്. അതുകൊണ്ടു്, എന്തു സഹായം വേണമെങ്കിലും ചെയ്തുതരുവാൻ ഈ സാധു സദാ സന്നദ്ധനാണു്. ആവശ്യമുള്ളതു മടിക്കാതെ പറഞ്ഞുകൊള്ളക. പഞ്ചയജ്ഞം നടത്തുന്നതിൽ ശ്രദ്ധയുള്ള ഗൃഹസ്ഥന്മാർ അതിഥികളെ പൂജിപ്പാനായി വേണ്ടിവന്നാൽ, പ്രാണനെക്കൂടി പരിത്യജിക്കുമെന്നു പറയേണ്ടതില്ലല്ലോ. |