താൾ:Puranakadhakal Part 1 1949.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
26
പുരാണകഥകൾ

ത്തിൽ ഒരു ചെറിയ പെൺപ്രാവു് പേടികൊണ്ടു കൂടുവിട്ടു പുറത്തേയ്ക്കു പറക്കുകയും കുറച്ചുനേരം അങ്ങുമിങ്ങും പറന്നു ചിറകു നനഞ്ഞു പറക്കുവാൻ വയ്യാതായപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ വീഴുകയും ചെയ്തു. അതു കണ്ടുനിന്നിരുന്ന വേടൻ വേഗത്തിൽ അതിനെ ചെന്നെടുത്തു കയ്യിലുണ്ടായിരുന്ന കൂട്ടിലിട്ടു. ചെറുപ്പകാലം മുതൽ ശീലിച്ചുവന്നിരുന്ന ആ പാപകൎമ്മം ചെയ്‌വാൻ ആപത്തിൽ അകപ്പെട്ടു ബുദ്ധിമുട്ടുന്ന അവസരത്തിൽകൂടി അവന്നു തോന്നിയതു് അഭ്യാസബലത്തിന്റെ ഫലം തന്നെയായിരുന്നു. അവന്റെ തലയ്ക്കുമീതെ പടൎന്നുപിടിച്ചു പന്തലിച്ചു കൊമ്പുകളോടും ഇടതൂൎന്നു വളരുന്ന ഇലകളോടും തിങ്ങിത്തൂങ്ങിനില്‌ക്കുന്ന പഴങ്ങളോടും കൂടിയ ഒരു വലിയ മരമാണു നിന്നിരുന്നതു്. അനേകായിരം പക്ഷികൾ ആ സദ്‌വൃക്ഷത്തെ ആശ്രയിച്ചുകൊണ്ടു് അത്ര വലിയ പേമാരി ചൊരിഞ്ഞിരുന്ന സമയത്തുകൂടി ഒരു തുള്ളി വെള്ളം മേൽവീഴാതെ പഴങ്ങൾ തിന്നുകൊണ്ടിരിക്കുന്നതും അവൻ കണ്ടു; ആ ഉദാരതരുവിന്റെ ചുവട്ടിൽതന്നെയായിരുന്നു ആ ദുഷ്ടവ്യാധൻ അപ്പോൾ ശരണാഗതനായി നനയാതെ നിന്നിരുന്നതു്. എന്നിട്ടും ഈശ്വരനാൽ പരോപകാരത്തിന്നു മാത്രമായി സൃഷ്ടിക്കപ്പെട്ട വൃക്ഷത്തിന്റെ ഔദാൎയ്യത്തെ കണ്ടുപഠിപ്പാൻ ആ പാപിക്കു കഴിഞ്ഞില്ല. പറക്കുവാൻ വയ്യാതെ വീണുപോയ പെൺപ്രാവു് പണിയെടുക്കാതെ ഭാഗ്യംകൊണ്ടു കിട്ടിയ ഭക്ഷണ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/32&oldid=216772" എന്ന താളിൽനിന്ന് ശേഖരിച്ചത്