പറഞ്ഞു. പറഞ്ഞതു മുഴുവനാകാത്ത താമസം -മകൾ മാണിക്കം അവളുടെ ജ്യേഷ്ഠത്തിയുടെ മാടത്തിലേക്കു നെട്ടോട്ടം ഓടി. അരനാഴികയ്ക്കകം ചേട്ടത്തിയും ഭർത്താവും കെട്ടും ചുമടുമായി തിരുവാണ്ടയുടെ മാടത്തിലെത്തി പൊറുതി ഉറപ്പിച്ചു. തിരുവാണ്ടയും ഭാൎയ്യയും മകളും പഞ്ചവടിയിലേക്കു തിരിച്ചു.
രാഘവൻ രോഗം ഒരുമാസക്കാലം കൊണ്ടു പൂൎണ്ണമായി സുഖപ്പെട്ടു എങ്കിലും പൂൎവസ്ഥിതിയിൽ ആരോഗ്യം വീണ്ടെടുക്കുന്നതിനു പിന്നെയും രണ്ടുമാസക്കാലം വേണ്ടിവന്നു. ഒരുവിധം സുഖമായി എന്നു കണ്ട ഉടനെ രാഘവൻ നന്താവനത്തിലേക്കു മടങ്ങിപ്പോകുവാൻ ബദ്ധപ്പെട്ടു. എന്നാൽ അണ്ണാവിയാകട്ടെ, അദ്ദേഹത്തിൻറ ഗുണവതിയായ ഭാൎയ്യയാകട്ടെ അതിനു അശേഷം സമ്മതിച്ചില്ല. ആശാൻ ഉദാസീനനായിരുന്നതല്ലാതെ അക്കാൎയ്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞില്ല. അണ്ണാവിയുടെയും ഭാമയുടെയും നിർബന്ധത്തേക്കാൾ മൈഥിലിയോടുള്ള സ്നേഹതന്തുവാണ് രാഘവാന പൂവത്തൂർ മാളികയിൽ ബന്ധിച്ചു നിറുത്തിയത്.
ഇടവപ്പാതി അവസാനിച്ചു, ശരൽക്കാലവെൺമേഘങ്ങൾ ആകാശത്തിലെങ്ങും സഞ്ചരിച്ചു തുടങ്ങി.