ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Panchavadi-standard-5-1961.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
47


മായിരുന്നു. അന്നു ആ ക്ഷേത്രത്തിൽ വിശേഷവിധിയായി ചില പൂജകളും പുഷ്പാഞ്ജലിയും രാഘവന്റെ വകയായി നടത്തുന്നതിനു ഏർപ്പാടു ചെയ്തിരുന്നു. രാഘവന്റെ ബാല്യം മുതൽക്കെ ജന്മനക്ഷത്രദിവസം ക്ഷേത്രദർശനവും പുഷ്പാഞ്ജലിയും അവന്റെ അമ്മ വളരെ ശ്രദ്ധയോടും ഭക്തിയോടും നടത്തിവന്നതാണു്. നന്താവനത്തിൽ വന്നതിനുശേഷം ഈ ശുഭകൎമ്മം രാഘവനു വേണ്ടി ആശാനാണു ചുമതലയായി നിൎവഹിച്ചുവന്നത്. ഇക്കൊല്ലം അതിനുവേണ്ട ഏൎപ്പാടുകളെല്ലാം രാഘവൻതന്നെ ആശാന്റെ അനുമതിയോടുകൂടി സ്വയം ചെയ്തിട്ടുണ്ടായിരുന്നു. രാഘവന്റെ ഏർപ്പാടുകൾ ആശാൻ അതിജാഗ്രതയോടെ സൂക്ഷിച്ചു കൊണ്ടിരുന്നതല്ലാതെ അവനു യാതൊരു സഹായവും ഉപദേശവും നൽകിയില്ല.

വെളുക്കാൻ ഏഴര നാഴികയുള്ളപ്പോൾ രാഘവൻ എഴുന്നേറ്റു കുളി മുതലായതു കഴിച്ചു നന്ദാവനത്തിലിറങ്ങി പുഷ്പങ്ങളിറുത്ത് ആവശ്യമുള്ള മാലകൾ കെട്ടിയുണ്ടാക്കി. ക്ഷേത്രത്തിൽ വിശേഷദിവസങ്ങളിൽ ആവശ്യമുള്ള അഞ്ചു മാലകൾക്കു പുറമെ വളരെ കമനീയാകൃതിയിൽ മൂന്നു മാലകളും മൂന്നു പൂച്ചെണ്ടുകളും കൂടി ഉണ്ടാക്കി ഒരു പൂക്കൂടയിൽ യാതൊരു കേടും കുരുക്കും വരാത്തവണ്ണം അടുക്കിവച്ചു. പുഷ്പാഞ്ജലിക്കു വേണ്ടന്ന പുഷ്പങ്ങൾ മറെറാരു പൂക്കടയിലും ശേഖരിച്ചു. ക്ഷേത്രത്തിൽ അന്നു സ്വാമിദൎശനത്തിനു വരുന്നവൎക്കു സമ്മാനിക്കാനായി അനേകം റോസാപ്പൂക്കളും മധുരനാരങ്ങാ, മാതളനാരങ്ങാ, ചെറുനാരങ്ങാ മുതലായി താൻ തന്നെ നട്ടുപിടിപ്പിച്ച ചെടികളിൽനിന്നു സൂക്ഷിച്ചു ശേഖരിച്ചുവച്ചിരുന്ന പഴങ്ങളും അവൻ കുട്ടികളിലാക്കി ഒതുക്കിവച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Panchavadi-standard-5-1961.pdf/51&oldid=223843" എന്ന താളിൽനിന്ന് ശേഖരിച്ചത്