നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
അല്ലാതെയും ഈ ആത്മചൈതന്യവ്യാപകം അവിദ്യയായും സുഷുപ്തിയായും ഇരിക്കുന്ന കാരണശരീരത്തിൽ പ്രവേശിക്കുമ്പോൾ മുൻപറയെപ്പെട്ട സൂക്ഷ്മശരീരവും അതിന്റെ വ്യവഹാരത്തിൽ കണ്ട സ്വപ്നപ്രപഞ്ചവും ഈ ആത്മചൈതന്യ വ്യാപകത്തെ വിട്ടു നീങ്ങിയതുകൊണ്ടു താന്താങ്ങളെ ഉള്ള പ്രകാരം ജഡങ്ങളായിട്ട് കല്പിച്ച് കാണത്തക്കവണ്ണം ഭവിക്കും. അതുകൊണ്ടും അവകളിൽ നിന്നും ആത്മാവു അന്യനാകുന്നുവെന്നുള്ള അനുഭവം വരാം.
സുഷുപ്തിയിൽ പിരിച്ചു കാണിക്കുന്നു.
സുഷുപ്തിയിൽ അവിദ്യയാകുന്ന കാരണശരീരത്തിൽ ആത്മചൈതന്യവ്യാപകം പ്രാപിച്ച സമയത്ത് താൻ അന്യമാകുന്നു എന്നുള്ള ഭേദകല്പന വിട്ട് അഭേദമായിട്ടുപോലും കല്പിച്ചതായി കാണപ്പെടാതെ ശൂന്യംപോലെ പ്രകാശിച്ചു കൊണ്ടിരിക്കും. തദ്ദശയിലും അവന്റെ വിലക്ഷണതയെ കണ്ടനുഭവിക്കണം.
ശി: ജാഗ്രത്ത്, സ്വപ്നം ഈ രണ്ടവസ്ഥകളിലും സ്ഥൂലസുക്ഷ്മങ്ങളാകുന്ന രണ്ടു ശരീരങ്ങളോടും കൂടി സകലജഗത്തും ദൃശ്യമായി കാണപ്പെട്ടതുകൊണ്ട് ഇതു ആത്മവസ്തു, ഇതു അനാത്മവസ്തു എന്നിങ്ങനെ വിവേകിച്ച് അറിയാൻ കഴിയും. സുഷുപ്ത്യവസ്ഥയിൽ ദൃശ്യം, ദ്രഷ്ടാ, ദർശനം എന്നുള്ള ഭേദം അനുഭവിക്കപ്പെടാത്ത സ്ഥിതിക്കു ആത്മാനാത്മവിവേകാനുഭൂതി എങ്ങനെ ഘടിക്കും?
ആചാ: ദൃഷ്ടിയിൽ കാണപ്പെട്ട ഒരു രജ്ജുവെ ഇതെന്ന് സാമാന്യജ്ഞാനത്താൽ കുറിക്കുമ്പോൾ അതിന്നു വേറായി കല്പന ഹേതുവായിട്ട് തോന്നിയ സർപ്പം ബുദ്ധി വഴിയായി അനുഭവിക്കപ്പെടുമ്പോൾ ഏറിയ ഭയത്തോടുകൂടി ആ