നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
ജലസംബന്ധമുള്ള ചാമ്പൽക്കുട്ടം ഉണങ്ങിയാൽ അതിൽ ജലസ്വഭാവം കാണപ്പെടാതെ ജലവ്യാപകാഭാവം അനുഭവിക്കപ്പെടും. അപ്പോൾ ആ ചാമ്പൽക്കൂട്ടത്തിനും ഉള്ള ഭേദം എപ്രകാരം ഗ്രഹിക്കപ്പെടുന്നുവോ അതുപോലെ, സ്ഥൂലദേഹത്തെ വിട്ട് ജാഗ്രദാദി വ്യവഹാരത്തിൽ നിന്നു നീങ്ങി ആ ആത്മചൈതന്യം സ്വപ്നദേഹത്തിൽ പ്രവേശിക്കുമ്പോൾ, ഇത് സ്ഥൂലദേഹം, ഇതു രണ്ടു വകയോടുകൂടിയ ഇന്ദ്രിയം, ഇത് ഭാവാഭാവരൂപമായ ഘടപടാദി ജഗത്ത് എന്നുള്ള ജ്ഞാനം എന്നിങ്ങനെ ഇവകളെ കണ്ട് അനുഭവിക്കുമ്പോൾ ദേഹാദികളിൽ നിന്നു ആത്മചൈതന്യം വേറാകുന്നുവെന്നു പിരിച്ചനുഭവിക്കപ്പെടും.
സ്വപ്നത്തിൽ പിരിച്ചു കാണിക്കുന്നു.
സ്വപ്നാവസ്ഥയിൽ സൂക്ഷ്മശരീരത്തിൽ ഇരുന്നുകൊണ്ട് ആ ആത്മചൈതന്യം പ്രകാശിക്കുമ്പോഴും, അപ്രകാരം തന്നാൽ കല്പിക്കപ്പെട്ട തന്റെ ദേഹാദി സകല ജഗത്തിലും വ്യാപിച്ചു പ്രകാശിക്കുമ്പോഴും, മേഘമണ്ഡലം, നക്ഷത്രമണ്ഡലം, ചന്ദ്രമണ്ഡലം ഇവകളിൽ വ്യാപിച്ചു ഇവയെ പ്രകാശിപ്പിക്കുന്ന ചന്ദ്രജ്യോതിസ്സ് ചെറുത്. വലിയത്, വട്ടം മുതലായ ആകൃതികളോടുകൂടിയ ആ മേഘാദികളിൽ നിന്നും അന്യമാകുന്നുവെന്നു അനുഭവിക്കപ്പെടുന്നതുപോലെ, സ്വപ്നത്തിൽ കണ്ട തന്റെ ദേഹാദി സകല ജഗത്തും സ്വാത്മചൈതന്യവ്യാപകത്തിൽ ദൃശമായി കാണപ്പെടുകയാൽ അവകൾ അനാത്മാവെന്നും അവകളിൽ വ്യാപിചു കണ്ട തന്നെ അനാത്മവിലക്ഷണസ്വപ്നദ്രഷ്ടാവായ ആത്മാവെന്നും വിവേകത്താൽ നിദാനിച്ചു നോക്കുമ്പോൾ അപ്രകാരം തന്നെ അനുഭവത്തിനു വരും.