മേവാഡിന്റെ പതനം (നാലാം
രംഗം നാലു. സ്ഥാനം - മഹാബത്തുഖാന്റെ ഗൃഹത്തിന്റെ ബഹിർഭാഗം. സമയം - രാത്രി. (മഹാബത്തുഖാൻ തനിച്ചിരിക്കുന്നു) മഹാബ - ഞാനവളെ ഉപേക്ഷിച്ചെങ്കിലും വീണ്ടുമവളെപ്പറ്റിയുള്ള വിചാരം എന്റെ ഹൃദയത്തിൽ വന്നു കൊണ്ടിരിക്കുന്നു. പ്രേമലോലവും മനോഹരവുമായ അവളുടെ ആ കിശോരമുഖം ഇപ്പോഴുമെന്റെ കണ്ണിനു മുമ്പിൽ നൃത്തംചെയ്യുന്നു. ഏതോ ഒരമൂല്യരത്നംപോയ പോലിരിക്കുന്നു. ഞാനെന്തിനാണവളുടെ എഴുത്തു മടക്കിയതു? ഇത്ര പരിശുദ്ധവും നിർമ്മലവുമായ പ്രേമത്തെ ഈ വിധം നിരസിച്ചതു് അനുചിതമായി. അവൾക്കെന്നിലുദിച്ച പ്രേമത്തെ അവളുടെ അച്ഛന്റെ നേരെയുണ്ടായക്രോധത്തിന്റെ ആവേശം മൂലം ഞാൻ നിരസിച്ചതു് എത്ര നീചകൃത്യമാണെന്നെനിക്കിപ്പോൾ തോന്നുന്നു. എപ്പോഴെങ്കിലും ക്ഷമായാചനത്തിനവസരം കിട്ടുന്നതായാൽ നിശ്ചയമായും രണ്ടു കയ്യും കൂപ്പിക്കൊണ്ടു ഞാനവളോടു മാപ്പു ചോദിക്കും. ആര്? (ഒരു പാറാവുകാരൻ വരുന്നു) പാറാ - ഏമാന്നേ! മഹാരാജാ ഗജസിംഹൻ തിരുമനസ്സുകൊണ്ടു അവിടുത്തെ കാണ്മാൻ വന്നിരിക്കുന്നു. മഹാബ - ഗജസിംഹനോ? യോധപുരിയിലെ രാജാവോ? പാറാ - അതേ ഏമാന്നേ!
മഹാബ - അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.