ഉറ്റ നിന്നൻപിൻപ്രവാഹം തടകയോ
മറ്റേതോ പാപമണൽപ്പരപ്പിൽ?
തെറ്റേതെന്നാലും നീ തീർക്ക,യിന്നും നിന്റെ
കറ്റക്കിടാങ്ങളീ ഞങ്ങൾ തായേ.
സാശങ്കം നിന്നെത്താൻ കൈകൂപ്പി നിൽക്കുമി-
പ്പേശലമാം കൊച്ചിളമുളകൾ
വൈശാല്യമേറും വയലിതിലിന്നെന്റെ-
യാശാങ്കുരങ്ങൾപോൽ വാടിടുന്നു.
ചിട്ടയായ് ചിക്കി നിരത്തി വളമിട്ടു
നട്ടുള്ള നല്ല ചെളിനിലങ്ങൾ
കട്ടപിടിച്ചു വെടിച്ചയ്യോ! എന്റെയുൾ-
ത്തട്ടുപോൽ വിള്ളുന്നു താറുമാറായ്.
വറ്റാത്ത നിന്റെ വിഭവസമൃദ്ധിയും
മുറ്റും കരുണയും നമ്പിയല്ലേ
പറ്റിക്കിടക്കുന്നു ഭൂമിയിലീ ഞങ്ങൾ,
മറ്റില്ല രക്ഷ, നീ കൈവിടല്ലേ.
പെയ്യുക, നീ സുധാപൂരം പ്രിയദ്യോവേ,
പെയ്യുക തൂമഴ വൈകിടാതെ
മെയ്യിലണിയും മരതകപ്പൂന്തുകിൽ
നെയ്യുവാൻ ഭൂമിക്കു നീ തുണയ്‌ക്ക.
പേർത്തും മുകിൽനിര, പൊയ്‌കയിൽ പോത്തുതൻ
ചാർത്തുപോലെത്തിനിന്നങ്കണത്തിൽ
ആർത്തുതുടങ്ങട്ടേ, ഭക്തിബാഷ്പം പെയ്തു
പൂർത്തിയാക്കട്ടമ്മേ, നിഷ്കൃതി ഞാൻ.
- (ജൂൺ 1922)