Jump to content

താൾ:Manimala.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്ണമില്ലാതുള്ള ലോകത്തെപ്പെറ്റൊരു
വിണ്ണേ, ഞാൻ കേഴുന്നു കേൾക്ക തായേ.
ഉണ്ണികൾ കേണാലുരുകാത്ത നെഞ്ചുണ്ടോ?
കണ്ണീർ ഞാൻ വാർക്കുന്നു കാൺക തായേ.

ആലോലശോഭയാൽ കണ്ണിനാനന്ദമാം
നീലപ്പൂഞ്ചേലയണിഞ്ഞു നിത്യം
കോലം മറച്ചെഴുമമ്മേ, നീയല്ലാതാ-
രാലംബം ഞങ്ങൾക്കുമീയൂഴിക്കും.

മേടം കഴിഞ്ഞു മണിരഥം ഭാനുമാ-
നോടിച്ചിടവവും താണ്ടുമാറായ്‌;
വാടിക്കരിയുന്നു ഭൂമുഖം പുൽക്കൊടി-
കൂടി മുളയ്ക്കുന്നില്ലാതപത്താൽ.

വെട്ടിയൊരുക്കി ഞാനെങ്ങെങ്ങു വിത്തുക-
ളിട്ടിതങ്ങങ്ങു കാനൽജലത്താൽ
തട്ടിപ്പായ്‌ തൻധനമാം തീക്ഷ്ണരശ്മികൾ‌
കഷ്ടം! കതിരോൻ കൃഷിചെയ്യുന്നു.

എല്ലു നൊന്തൂഴിയുഴുതു വിയർപ്പുതൻ‌
കല്ലോലധാരയാൽ ഞാൻ നനച്ചു;
ഇല്ലം കഴിയേണ്ടേ - വഞ്ചിതനായിവ-
നില്ലറയിലിനി വിത്തുപോലും‌.

പാരാകെ വേകുന്നു, വേഴാമ്പൽ ദാഹത്താൽ‌
പാരം കരയുന്നു, നീ കൃപയാൽ
ഹാരാവലിപോൽ വിശദമാം ശീതള-
ധാരയിന്നെന്തമ്മേ, പെയ്തിടാത്തു.

മുറ്റിപ്പോയ്‌ കുട്ടികളെന്നു രസം മാറിൽ‌
വറ്റിസ്സിരകൾ വരണ്ടുപോയോ?
കുറ്റങ്ങൾ വല്ലതും ഞങ്ങളിൽ കണ്ടിട്ടു
പെറ്റ തായേ, നീ ചുരുത്തായ്‌കയോ?

"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/2&oldid=165753" എന്ന താളിൽനിന്ന് ശേഖരിച്ചത്