വാടിയും വിളറിയും കാണുന്നു കഷ്ടം! കാന്തി-
ധാടിയിൽ നീന്തിടേണ്ടും നിങ്ങടെ മുഖാബ്ജങ്ങൾ.
പേടി വേണ്ടാ, നിങ്ങളെദ്ദുർഭിക്ഷരക്ഷസ്സിന്റെ
ചൂടേറും കുക്ഷിപോലും ദഹിയാ ഗുരുത്വത്താൽ.
കേടണച്ചീടാ നിങ്ങൾക്കാപത്തു, ഗുണമേലും
ഹാടകം കത്തിപ്പോകില്ലഗ്നിയിലറിഞ്ഞാലും.
മറിച്ചു മദ്‌ഭക്തർക്കു മാറ്റേറാൻ ചിലകാലം
കുരച്ചൊന്നുമല്ലല്ലൽ ഞാൻതന്നെ നല്കുന്നുണ്ടാം
തേഞ്ഞ വജ്രങ്ങൾ കാന്തിചിന്തുന്നു, വെയിലേറ്റു
കാഞ്ഞ ചൂതങ്ങൾ കനിയുതിരാൻ പൂത്തീടുന്നു.
ആകയാൽ നിങ്ങളുടെ പവിത്രവൃത്തിതന്നി-
ലാകുലഭാവം വിട്ടു സോത്സാഹം വർത്തിക്കുവിൻ!
ജീവനും കാവ്യംതാനുമെന്നല്ല ധരണിയിൽ
പാവനാത്മാക്കൾ വസിഷ്ഠാദ്യരാമൃഷിമാരും
കേവലം കുലപരമ്പരയായ് കൈകൊണ്ടുള്ള
ജീവനമദ്ധ്യാപനമുത്തമോത്തമമല്ലോ.
ചിരകാലമായ് ധർമ്മംമാറീടും കാലചക്ര-
പരിവർത്തനത്തിലാവൃത്തിതൻ വ്യവസ്ഥയിൽ
പെരുതാം ഭേദം വന്നുപോകിലും പറ്റീട്ടില്ല
പരമാർത്ഥത്തിലതിൽക്കളങ്കമറിഞ്ഞാലും.
ബാലചിത്തത്തിൽ ഗുണാങ്കുരങ്ങൾ പാകാനുള്ള-
മേലായ ഭാഗ്യമിന്നും നിങ്ങടെ കൈക്കാകുന്നു.
ശീലചേഷ്ടകൾ പകർത്തീടുന്നതിന്നും വിദ്യാ-
മൂലതത്ത്വങ്ങൾ ചൊല്ലും ഗുരുവിൽനിന്നു ബാലൻ.
പാവനാശയന്മാരേ!യതിനാൽച്ചുരുക്കത്തിൽ
സാവധാനമായ് കേൾപ്പിൻ ജനങ്ങൾ വിശ്വാസത്താൽ
ഭാവയാം വഞ്ചിരാജ്യം സൃഷ്ടിചെയ്യുവാനുള്ള
കേവലമായ മണ്ണു നിങ്ങളെയേല്പിക്കുന്നു.
ഭംഗിതാൻ വൈരൂപ്യംതാനാ ശില്പത്തിന്നു ഭവ-
ദംഗുലിവ്യാപാരത്തെയാശ്രയിച്ചിരിക്കും മേൽ.
ഭംഗമെന്നിയേ പരമോത്തരവാദമാർന്നു
തുംഗമാമസ്ഥാനത്തിൽ വർത്തിപ്പിൻ സദൃശരായ്.
താൾ:Manimala.djvu/15
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
