താൾ:Mangalodhayam book-10 1916.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഗ്നിപുരാണവും സാഹിത്യശാസ്ത്രവും

ങ്ങളും പ്രസ്താവിച്ചു കാണുന്നുമുണ്ട്. അഗ്നിപുരാണത്തിലും പഞ്ചലക്ഷണങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടെങ്കിലും അതിന്റെ നിർമ്മാതാവു വിദ്യയെ പരയെന്നും അപരയെന്നും രണ്ടു ശാഖയായി ഭാഗിച്ച് രണ്ടിന്റെയും വിവരണത്തിനായി ഉദ്യമിക്കുന്നു. പരവിദ്യ ആദ്ധ്യാത്മികവും അപരവിദ്യ ലൌകികവുമാണ്. അപരവിദ്യയിൽ ഋഷ്യജൂസ്സാമാഥർവവേദങ്ങളും ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിസ്സ്, ഛന്ദസ്സ് ഈ ആറു വേദാംഗങ്ങളും അഭിധാനം, മിമാംസ, ധർമ്മം, പുരാണം, ന്യായം, വൈദ്യകം, ഗാന്ധർവം, ധനുർവേദം, അർത്ഥശാസ്ത്രം എന്നിവയുമുൾപ്പെടും. പരവിദ്യ സാക്ഷാൽ ബ്രഹ്മജ്ഞാനം തന്നെയെന്നു പറയേണ്ടതില്ലല്ലൊ. ഈ രണ്ടു വക വിദ്യയേയും പറ്റി പ്രതിപാദിക്കേണ്ടി വന്നതിനാൽ ആഗ്നേയപുരാണകാരൻ പഞ്ചലക്ഷണങ്ങളെ പേരിനു മാത്രം കാണിച്ചുകൊമ്ടു അന്യവിഷയങ്ങളിൽ പ്രവേശിക്കേണ്ട ആവശ്യം നേരിട്ടു. അതിനാൽ ആ ഗ്രന്ഥത്തിന്റെ മുക്കാൽ അംശത്തിലധികവും പഞ്ചലക്ഷണങ്ങളിൽ പെടാത്ത പ്രമേയങ്ങൾകൊണ്ടുതന്നെയാണ് കഴിഞ്ഞുകൂടുന്നത്.

മുന്നൂറ്റിമുപ്പത്താറാമദ്ധ്യായത്തിൽ അഗ്നിഭഗവാൻ ധന്വന്തരിയോടു 'കാവ്യസ്യനാടകാദേശ്ച അലങ്കാരൻവദാമ്യഹം' എന്നുള്ള പീഠികയോടുകൂടി കാവ്യലക്ശണങ്ങൾ വിവരിക്കുവാനാരംഭിക്കുന്നു.

                               'നരത്വം ദുർല്ലഭം ലോകെ
                                വിദ്യാ തത്ര ച ദുർല്ലഭ
                                കവിത്വം ദുർല്ലഭം തത്ര
                                ശക്തിസ്തത്ര ചദുർല്ലഭാ
                                 വ്യുൽപത്തിദുർല്ലേഭാ തത്ര
                                 വിവേകസ്തത്രദുർല്ലഭ:

എന്ന ഭാഗത്തിനിന്നു ഏതെങ്കിലും ഒരു വിദ്യ സമ്പാദിക്കുന്നത് എത്ര പ്രയാസമാണെന്നും, അതിൽതന്നെ കവിത്വം ലഭിക്കുന്നതിനു എത്ര ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാകുന്നു. കവികളിൽതന്നെ വാസനക്കാരേയും അവരുടെ ഇടയിൽ പഠിത്തമുള്ളവരേയും അവരിൽ ഔചിത്യബോധമുള്ളവരേയും കണ്ടുകിട്ടാൻ വളരെ ഞെരുക്കമുണ്ടെന്നു ഇതിൽ നിന്നു നാം ഗ്രഹിക്കുന്നു. വ്യക്തമായി അഭിമതമായ അർത്ഥത്തെ ബോധിപ്പിക്കുന്ന പദസമൂഹം (ഇഷ്ടാർത്ഥത്തെ വ്യവച്ഛിന്നാപദാവലീ) വാക്യമെന്നു സമഷ്ടിയായി പറയാം.

                  'കാവ്യം സ്ഫുടദലങ്കാരം
                   ഗുണദ്ദോഷവർജ്ജിതം'

ഒരു കാവ്യമായാൽ അതിൽ അലങ്കാരം സ്ഫുടമായുണ്ടായിരിക്കണമെന്നു മാത്രമല്ല, അതു ഗുണത്തോടു കൂടിയതും ദോഷമില്ലാത്തതും ആയിരിക്കമം. ഈ നിർവചനത്തിന്റെ സാധുത്വത്തെ സംബന്ധിച്ച് അനന്തരകാലികന്മാരായ ആചാര്യന്മാർക്കുള്ള ഭിന്നാഭിപ്രായങ്ങളെ അപ്രകൃതമാകയാൽ ഇവിടെ വിവരിക്കുന്നില്ല. ഗദ്യം, പദ്യം, മിശ്രം, ഇങ്ങനെ കാവ്യം മൂന്നുവിധം. ഗദ്യത്തിൽത്തന്നെ ചൂർണ്ണകം, ഉൽകലിക, വൃത്തഗന്ധി, ഇങ്ങനെ മൂന്നുവകഭേദങ്ങളുണ്ട്. ചൂർണ്ണകത്തിൽ സമാസം കുറഞ്ഞും കൽകലികയിൽ കൂടിയുമിരിക്കും. വൃത്തഗന്ധി ആദ്യത്തെ നോക്കിനു വൃത്തത്തോടുകൂടിയതായി തോന്നിപ്പോകുന്ന ഒരു വകഗദ്യമാണ്. ഗദ്യകാര്യങ്ങൾ അഞ്ചുവിധം . ആഖ്യായിങ്ക, കഥ, ഖണ്ഡകഥ, പരികഥ, കഥാനിക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/6&oldid=164826" എന്ന താളിൽനിന്ന് ശേഖരിച്ചത്