അഗ്നിപുരാണവും
സാഹിത്യശാസ്ത്രവും
'പുരാണം' എന്ന പദത്തിനു 'പഴയത്' എന്ന് അർത്ഥമാകുന്നു. പുരാണങ്ങൾ വൈദികസാഹിത്യത്തിന്റെ ഒരു ശാഖയായിരുന്നു എന്ന് അഥർവ്വവേദത്തിൽ പറയുന്നു. വേദവ്യാസ മഹർഷി തന്റെ ശിഷ്യന്മാരെ പുരാണം അഭ്യസിപ്പിച്ചു വന്നതായി മഹാഭാരതത്തിൽ പ്രസ്താവിച്ചിട്ടുള്ളതിനു പുറമെ, വനപർവ്വത്തിൽ 'വായുപ്രോക്തമനുസ്മ്യൂത്യ പുരാണമൃഷിസംസ്തുതം' എന്ന പദ്യാർദ്ധത്തിൽ വായുപുരാണത്തിന്റെ സംഗതി വിളിച്ചു പറഞ്ഞിട്ടുമുണ്ട്. ഇങ്ങനെയാണെങ്കിലും,ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന അഷ്ടാദശപുരാണങ്ങളോ വായുപുരാണം തന്നെയോ മഹാഭാരതകാലത്തുണ്ടായിരുന്നു എന്നൂഹിക്കുന്നത് സാഹസമായിരിക്കും. ഇന്നത്തെ വായുപുരാണത്തിൽ മഹാഭാരതത്തെപ്പറ്റി പറയുന്ന സ്ഥിതിക്ക് അത് അന്നുണ്ടായിരുന്നിരിക്കുവാനിടയില്ല. ഈ പുരാണങ്ങൾ എല്ലാം വേദവ്യാസമഹർഷിയുടെ കൃതികളാണെന്നുപറയുന്നതിനും അടിസ്ഥാനമില്ല. ഓരൊ കാലത്ത് ഓരോ മഹർഷിമാർ പല കഥകളേയും ക്രോഡീകരിച്ച് ഈ വക ഗ്രന്ഥങ്ങൾ നിർമ്മിച്ചു എന്ന് അനുമാനിക്കുന്നതാണ് യുക്തിയുക്തമായിട്ടുള്ളത്. മഹാഭാഷ്യകാലത്തിൽ മഹാവിഷ്ണുവിന്റേയും ശ്രീപരമേശ്വരന്റേയും ആരാധനം ആയ്യാവർത്തത്തിൽ രൂഢമൂലമാകാതിരുന്നതിനാൽ പതഞ്ജലി ജീവിച്ചിരുന്ന ക്രി. മു. രണ്ടാം ശതവർഷത്തിനിപ്പുറമാണ് ഈ ഗ്രന്ഥങ്ങളുടെ ആവിർഭാവമെന്നു തീർച്ചപ്പെടുത്താം. ഭാമഹൻ, ദണ്ഡി മുതലായ പ്രാചീനസാഹിത്യാചാർയ്യന്മാരുടെ കാലമായ ക്രി. ചി. ആറാം ശതവർഷത്തിനു മുമ്പാണ് ഇവയുടെ നിർമ്മിതി എന്നു സ്ഥാപിക്കുന്നതിലും വലിയ അസാംഗത്യമില്ല. അഷ്ടാദശപുരാണങ്ങൾ താഴെ കാണുന്ന ക്രമമനുസരിച്ച് ഉത്ഭവിച്ചതായാണ് അനുമാനിക്കേണ്ടിയിരിക്കുന്നത്. (1)ബ്രാഹ്മം (2)പാത്മം (3)വിഷ്ണു (4)വായു (5)ഭാഗവതാ (6)നാരദീയം (7)മാർക്കണ്ഡേയം (8)അഗ്നി (9)ഭവിഷ്യം (10)ബ്രഹ്മവൈവർത്തം (11)ലിംഗം (12)വാരാഹം (13)സ്കാന്ദം (14)വാമനം (15)കൂർമ്മം (16)മാത്സ്യം (17)ഗാരുഡം (18)ബ്രഹ്മാണ്ഡം.
ഇവയിൽ അഗ്നിപുരാണത്തിനു പ്രകടമായുള്ള ഒരു വിശേഷം വ്യാകരണസംബന്ധമായും സാഹിത്യസംബന്ധമായും അനേകം പ്രമേയങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു എന്നുള്ളതാണ്. 'സർഗ്ഗശ്ചപ്രിയതിസർഗ്ഗശ്ച വംശോ മന്വന്തരാണി ച വംശാനുചരിത:ഞ്ചതി പുരാണം ചഞ്ചലക്ഷണം' എന്നു വായുപുരാണത്തിൽ പുരാണത്തിനു അഞ്ചു ലക്ഷണങ്ങൾ പറയുന്നുണ്ടെങ്കിലും ഈ അഞ്ചു സംഗതികൾ ഒഴികെ വാക്കിയൊന്നും അതിൽ വിവരിച്ചു കൂടെന്നുള്ളതിനു യാതൊരു വിധിയുമില്ല. എന്നുമാത്രമല്ല, വായുപുരാണത്തിൽ തന്നെ നാട്യവിദ്യയെപ്പറ്റി പല രഹസ്യ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.