താൾ:Mangalodhayam book-10 1916.pdf/407

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭൬ മംഗളോദയം

തന്നെ ദുഷ്കൃതവിമുഖനും സ്വധർമ്മ നിരതനും ആയിത്തീരുന്നു. ശാസനയോ നിർബ്ബന്ധമോ കൂടാതെ ജനങ്ങളുടെ മനസ്സാക്ഷിയെ പരിശുദ്ധമാക്കാൻ കാവ്യത്തിനു ശക്തി‌യൂണ്ട്. വായനക്കാരുടെ മനസ്സിൽ സന്ദർഭോചിതങ്ങളായ വികാര പരമ്പരകൾ ജനിക്കത്തക്കവിധത്തിൽ കഥയെ ഘടിപ്പിക്കുന്നതിലും, കഥാപാത്രങ്ങളുടെ ജീവിതഗതിയെ തന്മയീകരിക്കുന്നതിലുമാണ് കവി, പുരാണകർത്താവിനെ പശ്ചാൽക്കരിക്കുന്നത്. കഥയുടെ തന്മയത്വം (ഭാഷ, വേഷം, നടവടി, ജീവിതക്രമം മുതലായവയിൽ) എത്രത്തോളം വർദ്ധിക്കുന്നുവോ, അത്രത്തോളം കവി ഉദ്ദേശസിദ്ധിയിൽ വിജയിയായിതീരുന്നു. സദുപദേശത്തിലും, തൽഫലമായ ധർമ്മബോധനത്തിലും മുന്നണിയിൽ നിൽക്കുന്നതിനും, തന്മൂലം കാവ്യത്തിനു ജനസമുദായത്തിന്റെ ഇടയിൽ അനിതരസാധാരണമായ പ്രചാരം സിദ്ധിക്കുന്നതിനും കാരണം സരസമായ കഥാബന്ധവൈചിത്ര്യമാണെന്നും വന്നേക്കാം. അതിനാണ് അധികം സൌകര്യവും.

കാവ്യശാസ്ത്രങ്ങൾ സമാനോദ്ദേശങ്ങളാണെങ്കിലും, തന്നിർവ്വഹണത്തിൽ സ്വീകരിച്ചിരിക്കുന്ന നയം ഭിന്നമായിരിക്കുന്നതുപോലെ, കാവ്യശാഖയിലും ശ്രവ്യകാവ്യത്തെക്കാൾ ദൃശ്യകാവ്യത്തിന് ഉദ്ദിഷ്ടകാര്യനിർവ്വഹണസൌകര്യം കൂടും. ഉപദേശം എത്ര സരസമായാലും അനുഭവത്തെപ്പോലെ ഉള്ളിൽ കൊള്ളുന്നതല്ല. മദ്യപാനംകൊണ്ടുണ്ടാവുന്ന ദോഷങ്ങളെ കാവ്യം വായിച്ചു മനസ്സിലാക്കുന്നതും പ്രത്യക്ഷത്തിൽ കണ്ടു മനസ്സിലാക്കുന്നതും ഒരുപോലെയല്ലല്ലോ. ഉപദേശത്തിന്റെ ഫലം നിശ്ചിതമത്രെ. കാവ്യശാസ്ത്രങ്ങളെപ്പോലെ തന്നെ ദൃശ്യശ്രവ്യകാവ്യങ്ങളും ഫലത്തിൽ ഭിന്നനയങ്ങളും, ദൃശ്യകാവ്യം ശീഘ്രഫലപ്രദവുമാകുന്നു. ദൃശ്യകാവ്യത്തിന്റെ പ്രചാരത്തിൽ ഈ കാരണവും അന്തർഭവിച്ചിരിക്കാം.

"നാ‌‌‌ടകാന്തം കവിത്"എന്ന ചൊല്ലുണ്ടാകുന്നതിനു കാരണം അതിന്റെ ദുഷ്കരത്വമാകുന്നു. കഥാപാത്രങ്ങളു‌ടെ വേഷഭാഷാനാ‌‌ട്യങ്ങളിൽ വേണ്ട തന്മയത്വവു, സന്ദർഭോചിതങ്ങളായ തത്തദ്വികാരങ്ങളെ ജനിപ്പിക്കുന്ന രസസ്ഫൂർത്തിയും ആണ് നാടകത്തിന്റെ ദുഷ്കരത്വത്തിനു കാരണം. ശ്രവ്യകാവ്യങ്ങളിൽ (ഗദ്യമായാലും പദ്യമായാലും) കവിക്കു സ്വാതന്ത്ര്യമുണ്ട്. ദൃശ്യകാവ്യത്തിലേക്കു കടക്കുമ്പോൾ ആദ്യവസാനം മൌനം അവലംബിക്കേണ്ടിവരുന്നു. ശ്രവ്യകാവ്യം ‌ചില അവസരങ്ങളിൽ, കവിയെ പുറത്തു കാട്ടുന്നു; ദൃശ്യകാവ്യം ആവിധം ചെയ്യാതെ "നാന്ദി"മുതൽ "ഭരതവാക്യം" വരെ കവിയെ തിരശ്ശീലയ്ക്കുള്ളിൽ മറച്ചുവെക്കുന്നതേയുള്ളു.

കവി പ്രത്യക്ഷനായാലും പരോക്ഷനായാലും, ശ്രോതാക്കൾക്കോ ദ്രഷ്ടാക്കൾക്കോ കഥ"ആദ്യന്തം" മനസ്സിലാകേണ്ടത് അത്യാവശ്യമായിരിക്കുന്നു. ജുഗുപ്സാവഹങ്ങളോ കഥാഗാത്രത്തിൽ അപ്രധാനങ്ങളോ ആയ ഭാഗങ്ങൾ, തീരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/407&oldid=164805" എന്ന താളിൽനിന്ന് ശേഖരിച്ചത്