ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അപ്രകാരം തന്നെ, ന്യൂസീലണ്ടിൽ ജനിച്ചുവളരുന്ന ഒരു ബ്രിട്ടൻകാരൻ ഇഗ്ലണ്ടിനെ ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും, യഥാർത്ഥത്തിൽ സ്വദേശാഭിമാനിയായ ഒരു ഇംഗ്ലീഷുകാരനായിട്ടാണ് അവന്റെ നില.
സ്വരാജ്യസ്നേഹം അശിക്ഷിതജ്ഞാനത്തേയോ വിചാരണാശക്തിയേയോ അവലംബിച്ചിരിക്കാം. ഇവയിൽ ആദ്യത്തേതിന് ഉദാഹരണമായി മുൻപറഞ്ഞ പശുപാലകന്മാരുടെ സ്വരാജ്യസ്നേഹത്തെ സ്വീകരിക്കാവുന്നതാണ്. എന്തെന്നാൽ, അവർക്ക് അപ്രകാരമൊരു സ്നേഹമുണ്ടെന്നല്ലാതെ, അതുണ്ടാകാനുള്ള ഹേതു എന്തെന്ന് അറിഞ്ഞുകൂടാ. രണ്ടാമത്തെ വിധത്തിലുള്ള സ്വരാജ്യസ്നേഹം അപ്രകാരം അടിസ്ഥാനമില്ലാത്തതല്ല. അതു, പണ്ടു പണ്ടേ സ്വവർഗ്ഗക്കാർക്കു പൊതുവായി സിദ്ധിച്ചിട്ടുള്ള ശാശ്വതസമ്പത്തിൽ താനും ഒരവകാശിയാണെന്നു
ള്ള ബോധത്തെയും, സ്വവർഗ്ഗക്കാർക്ക് ഏർപ്പെടുത്തീട്ടുള്ള ആചാരങ്ങളെയും സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കി ഉത്ഭവിക്കുന്നതാകുന്നു.
പരിഷ്കൃതബുദ്ധിയായ ഒരുവന്റെ ഉള്ളിൽ ഈ വിധം ഉണ്ടാകുന്ന സ്വരാജ്യസ്നേഹത്തെ, പൊതുവായ ഗുണകാര്യങ്ങളിൽ തന്റെ പ്രത്യേകമായുള്ള ക്ഷേമവും അടങ്ങിയിരിക്കുന്നു എന്നും, സ്വരാജ്യഭരണവിഷയത്തിൽ തനിക്കും ഒരു അവകാശം ഉണ്ടെന്നും ഉള്ള ബോധം ദൃഢീകരിക്കുന്നു. അത് ഇംഗ്ലണ്ടിലെ ജനങ്ങളിൽ ഉണ്ടായിരിക്കുന്നതുപോലെ തന്നെ, ബ്രട്ടീഷ് സാമ്രാജ്യത്തിലുൾപ്പെട്ട ഇന്ത്യയെ അധിവസിക്കുന്ന ഹിന്ദുക്കളുടെയും മഹമ്മദീയരുടെയും ഹൃദയങ്ങളിൽ ഉത്ഭവിച്ചിരിക്കുന്നതും ഉത്ഭവിക്കാവുന്നതും ആകുന്നു.
വാസ്തവത്തിലുള്ളതും, അവാസ്തവത്തിലുള്ളതുമായി രണ്ടുവിധം സ്വരാജ്യസ്നേഹമുണ്ട്. അവാസ്തവമായ സ്വരാജ്യസ്നേഹമുള്ളവൻ തന്റെ രാജ്യത്തിലെ ധനപുഷ്ടിയെയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.