ബന്ധനസ്ഥനായ ഹനുമാൻ
അകതളിരിലറിവു കുറയുന്നവർക്കേററമു-
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം."
അമൃതസമവചനമിതി പവനതനയോദിതം
അത്യന്തരോഷേണ കേട്ടു ദശാനനൻ
നയനമിരുപതിലുമഥ കനൽ ചിതറുമാടൻ
നന്നായുരുട്ടി മിഴിച്ചു ചൊല്ലീടിനാൻ.
തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിൻ
ധിക്കാരമിത്ര കണ്ടീല മറ്റാർക്കുമേ.
മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം
മറെറാരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?
ഭയവുമൊരു വിനയവുമിവന്നു കാണ്മാനില്ല
പാപിയായോരു ദുഷ്ടാത്മ ശഠനിവൻ
കഥയമമ കഥയ മമ രാമനെന്നാരു ചൊൽ
കാനനവാസി സുഗ്രീവനെന്നാരെടോ?
അവരെയുമനന്തരം ജാനകിതന്നെയും
അത്യന്തദുഷ്ടനാം നിന്നെയും കൊല്ലുവൻ.
ദശവദനവചനമിതി കേട്ടു കോപം പൂണ്ടു
ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാൻ:
നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറു നൂറായിരം
രജനി ചരകുലപതികളായ് ഞെളിഞ്ഞുള്ളാരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
നിയമിതമിതു മമ ചെറുവിരൽക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല?"