താൾ:Kundalatha.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വളോ അല്ല. യോഗീശ്വരൻ ആ വക അഭ്യാസങ്ങളുടെ ആവശ്യത്തെയും ഉപകാരത്തെയും വളരെ സൂക്ഷ്മമായി ആലോചിച്ചു ഖണ്ഡിച്ചിട്ടുള്ളാളാകയാൽ കുന്ദലതയെ ആ വിഷയങ്ങളിൽ പരിശ്രമിപ്പിച്ചിട്ടുണ്ടായിരുന്നില്ല. സംഗീതസാഹിത്യാദികൾ കേവലം മനസ്സിന്റെ ഭൂഷണങ്ങൾ. കാഞ്ചീകങ്കാണാദികളെക്കൊണ്ട് വിരൂപികൾ ശോഭിക്കുമോ? സംഗീതസാഹിത്യാദിഗുണങ്ങൾ ഉണ്ടെങ്കിലും ദുർബുദ്ധികൾ വന്ദനീയന്മാരോ? ആയതുകൊണ്ട് ആ വക ഭൂഷണങ്ങൾ അത്ര സാരമായിട്ടുള്ളവയല്ല. ഒന്നാമതായി സമ്പാദിക്കേണ്ടതു് നിർമലമായും സുജ്ഞാതമായും ഉള്ള മനസ്സാണെന്നു് യോഗീശ്വരൻ തീർച്ചയാക്കീട്ടുണ്ടായിരുന്നു. ആയതിന് ലോകവ്യുല്പത്തികൊണ്ടു് മതികമലത്തെ വികസിപ്പിക്കേണ്ടതു് ആവശ്യമാകയാൽ യോഗീശ്വരൻ കുന്ദലതയെ എപ്പോഴും കൂടെകൊണ്ടുനടന്നു് ബീജങ്ങൾ അങ്കരിക്കുന്നതിനെയും വൃക്ഷലതാദികളുടെ ഗുണങ്ങളെയും പക്ഷിമൃഗാദികളുടെ സ്വഭാവങ്ങളെയും അവകളുടെ ജാതി തിരിച്ചറിയുവാനുള്ള വിധങ്ങളെയും ജീവികളുടെ ശരീരത്തിലുള്ള ഓരോ അംഗങ്ങളുടെ ധർമങ്ങളെയും ഭൂമിയുടെ സ്ഥിതിയെയും സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സൂക്ഷ്മാവസ്ഥയെയും ഗതിഭേദങ്ങളെയും നദികളുടെ ഉല്പത്തിയെയും രാജ്യങ്ങളുടെ സ്വഭാവത്തെയും, ഇടി, മഴ, മഞ്ഞു് എന്നിങ്ങനെ പ്രപഞ്ചത്തിലുള്ള പല അത്ഭുതങ്ങളുടെ വിവരണങ്ങളെയും മറ്റുമിങ്ങനെയുള്ള പല പല പ്രകൃതിതത്ത്വങ്ങളെയും കാര്യകാരണങ്ങളുടെ അന്ന്യോന്ന്യ സംബന്ധത്തെയും ദൃഷ്ടാന്തങ്ങളോടുകൂടി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക പതിവായിരുന്നു. മനസ്സിന്റെ അതാതു പ്രായത്തിലെ വളർച്ചയ്ക്കനുസരിച്ചു് പറ‍ഞ്ഞുകൊടുക്കുന്ന വിഷയങ്ങളുടെ കാഠിന്യത്തെ ക്രമീകരിക്കയാൽ ആ വിഷയങ്ങൾ ഒക്കെയും കുന്ദലതയ്ക്കു സുഗമമായിട്ടു തോന്നും. എന്നുതന്നെയല്ല പറഞ്ഞുകൊടുത്തതു് മനസ്സിലായി എന്നറിയിക്കുവാൻ അവൾതന്നെ ഉത്സാഹത്തോടുകൂടി വേറെ ഉദാഹരണങ്ങളെ തേടിപ്പിടിക്കുകയും വല്ല സംശയവുമുണ്ടായാൽ ആയതു് ജാഗ്രതയോടുകൂടി ചോദിച്ചു മനസ്സിലാക്കുകയും സൂക്ഷ്‌മമായി ഓരോ സംഗതികളെ ഗ്രഹിച്ചാൽ മുഖപ്രസാദംകൊണ്ടു് തന്റെ തൃപ്തിയെ പ്രത്യക്ഷപ്പെടുത്തുകയുംചെയ്യും. ഇങ്ങനെ യോഗീശ്വരന്റെ ബുദ്ധികൗശലംകൊണ്ടു് മറ്റു പലരുടെയും വിദ്യാഭ്യാസത്തിനുണ്ടാകുന്ന ദുഃഖങ്ങളും ദുർഘടങ്ങളും അറിവാനിടവരാതെ കുന്ദലതയുടെ വിദ്യാഭ്യാസം അവൾക്കു് ഏറ്റവും വിനോദകരമായി ഭവിച്ചു.

ഈ വിധം വിദ്യാഭ്യാസം വളരെ ചെറുപ്പത്തിൽത്തന്നെ തുടങ്ങിയിരുന്നു എങ്കിലും പന്ത്രണ്ടു വയസ്സായതിനുശേഷമാണു് കുന്ദലത അക്ഷരവിദ്യ അഭ്യസിച്ചതു്. രണ്ടു സംവത്സരത്തിനുള്ളിൽ സ്വഭാഷ എഴുതുവാനും വായിക്കുവാനും നല്ല പരിചയമായി. അതിന്നുപുറമെ ജഗദീശ്വരനെ പ്രാർത്ഥിക്കുവാനായി എട്ടുപത്തു ഗാന-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/8&oldid=163086" എന്ന താളിൽനിന്ന് ശേഖരിച്ചത്