താൾ:Kundalatha.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നി യോഗീശ്വരന്റെ ഈ വനവാസത്തെക്കുറിച്ചു് അല്പം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവരെ ഒക്കെയും നാം ഇപ്പോൾ പറഞ്ഞു കഴിഞ്ഞു. ഒന്നാമതായിട്ട് അദ്ദേഹത്തിന്റെ വാത്സല്യത്തിനും ദയയ്‌ക്കും പാത്രമായതു് കുന്ദലത എന്ന കുമാരിയാണു്. ഈ കുമാരിക്കു് പതിനാറു വയസ്സു പ്രായമായി എങ്കിലും അതേ പ്രായത്തിലുള്ളവരോടൊന്നിച്ചു പരിചയിപ്പാൻ ഇടവരായ്‌കയാൽ 'യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം' എന്നു പറഞ്ഞതുപോലെ വാക്കുകൾക്കും പ്രവൃത്തിക്കും ബാല്യകാലത്തിന്റെ കൗതുകം കേവലം വിട്ടിട്ടുണ്ടായിരുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും മറ്റു് ദിനചര്യയിലും യോഗീശ്വരൻ വളരെ ശ്രദ്ധവെക്കുകയാൽ നല്ല ആരോഗ്യവും ശരീരപുഷ്ടിയും അനല്പമായ സൗന്ദര്യവും ഉണ്ടു്. എന്നാൽ, കുന്ദലതയെ നല്ലവണ്ണം പരിചയമായി എങ്കിൽ, അവളുടെ രൂപലാവണ്യത്തെക്കാൾ സ്വഭാവഗുണവും ബുദ്ധിഗൗരവവുമാണു് അധികം വിസ്മയനീയമായിട്ടു തോന്നുക. ഉത്തമസ്ത്രീകളുടെ സ്വഭാവത്തിനു സഹജങ്ങാളായ സാധുത, ദയ, സ്നേഹം, അധർമഭീരുത്വം, വിനയം മുതലായ വിശേഷഗുണങ്ങൾ ആ ചെറുപ്രായത്തിൽത്തന്നെ അവളുടെ സ്വഭാവത്തിൽ വ്യക്തമായി പ്രകാശിച്ചിരുന്നു. അത്രയുമല്ല, യോഗീശ്വരന്റെ ദുർല്ലഭമായ ഉപദേശം കൊണ്ടും അനുപമമായ ഉദാഹരണംകൊണ്ടും അദ്ദേഹത്തിന്റെ സഹവാസത്താൽ ഉണ്ടാകുന്ന സൽഗുണങ്ങളെ വിഫലമാക്കിത്തീർക്കേണ്ടതിനു ചപലബുദ്ധികളും അവിവേവികളുമായ ആളുകൾ ആരും ഇല്ലാതിരുന്നതിനാലും സാധാരണ സ്ത്രീകൾക്കുണ്ടാകുന്ന ദുഃസ്വഭാവങ്ങളും വക്രതകളും ചപലതകളും മനസ്സിൽ അങ്കുരിപ്പാൻ സംഗതി വരാതെ, അവൾ മററു സ്ത്രീകളിൽ കാണാത്തതായ പല വിശേഷഗുണങ്ങൾക്കും ആസ്പദമായിത്തീരുകയുംചെയ്തു. അത്ഭുതമല്ലതാനും. യോഗീശ്വരനു് ബാലലാളനത്തിനും ശിക്ഷയ്ക്കും ഉള്ള സാമർത്ഥ്യം അസാമാന്യംതന്നെയായിരുന്നു. എന്നാൽ, കുന്ദലത കാവ്യനാടകാലങ്കാരാദികളിൽ പരിജ്ഞാനമുള്ള ഒരു വിദുഷിയോ സംഗീതാദികളിൽ നൈപുണ്യമുള്ള-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/7&oldid=214239" എന്ന താളിൽനിന്ന് ശേഖരിച്ചത്