താൾ:Kundalatha.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ങ്ങൾ അർത്ഥത്തോടുകൂടി പഠിപ്പിച്ചിട്ടുണ്ടായിരുന്നതു് ചിലപ്പോൾ യോഗീശ്വരന്റെ കർണാനന്ദത്തിനായിട്ടു് പാടുമാറുണ്ടായിരുന്നു. അതല്ലാതെ വേറെ ഒരുവിധ ഗാനങ്ങളും വശമാക്കിയിട്ടുണ്ടായിരുന്നതുമില്ല.

കുന്ദലതയ്‌ക്കു് ശൈശവംമുതൽക്കു് ഒരേ പ്രായത്തിനടുത്ത കളികളും ഉണ്ടായിരുന്നു. ചങ്ങാതി യോഗീശ്വരൻതന്നെ. അദ്ദേഹം അവളുടെ ഇഷ്ടം ഇന്നതെന്നറിഞ്ഞാൽ ഉടനെ അതു സാധിപ്പിക്കും. കുട്ടിക്കാലത്തു് വല്ലതും ഹിതം പോലെയാവാഞ്ഞിട്ടു് കരഞ്ഞാൽ അതിനു കാരണമെന്തെന്നറിഞ്ഞു് ഹിതത്തെ ചെയ്തു കൊടുക്കും. എന്തിനേറെ പറയുന്നു, അദ്ദേഹം അവളുടെ കുട്ടിക്കളികൾക്കൊക്കെയും താലോലിച്ച് നില്ക്കുകയും ചിലപ്പോൾ താൻ തന്നെ ബാലചാപല്യം നടിച്ചു് അവളുടെകൂടെ കളിക്കുകയും ചെയ്യും. ആപത്തുള്ള കളികളിൽ നിന്ന് വിരമിപ്പിക്കും. വ്യായാമം കൊണ്ട് ശരീരത്തിനു് ലാഘവവും അംഗപുഷ്ടിയും ഉണ്ടാകുന്ന വിനോദങ്ങളിൽ ഇഷ്ടം ജനിപ്പിക്കും. ഇങ്ങനെ അവളുടെമേൽ അച്ഛന്റെ സ്നേഹത്തോടും കളിയിൽ ചങ്ങാതിമാരുടെ ഇണക്കത്തോടും ചില സമയങ്ങളിൽ ഉപദേഷ്ടാവിന്റെ ഗാംഭീര്യത്തോടും എപ്പോഴും അമ്മയുടെ ലാളനയോടും ഒരിക്കലും അപ്രിയം കൂടാതെയും വളർത്തിക്കൊണ്ട് വരുവാൻ യോഗീശ്വരൻചെയ്ത പ്രയത്നം കുന്ദലത തന്റെ അപരിമിതമായിരിക്കുന്ന ഗുണോല്ക്കർഷങ്ങളെക്കൊണ്ടു് ഏറ്റവും സഫലമാക്കിത്തീർക്കുകയും ചെയ്തു. ഇങ്ങനെയെല്ലാമാണു് കുന്ദലതയുടെ അവസ്ഥ.

പിന്നെ പാർവതി എന്നു പേരായ സ്ത്രീയാണു് ഉള്ളതു്. ആ സ്ത്രീക്കു് അമ്പതിൽ അധികം വയസ്സായിരിക്കുന്നു എങ്കിലും വാർദ്ധ്യകത്തിന്റെ അതിക്രമങ്ങൾ പറവാൻ തക്കവണ്ണം ഒന്നും തുടങ്ങീട്ടില്ല. വളരെ നല്ല സ്വഭാവമാണ്. കുന്ദലതയെ കുട്ടിയിൽത്തന്നെ എടുത്തുവളർത്തിയ പോറ്റമ്മയാകയാൽ അവർക്കു് അന്യോന്യം വളരെ താല്പ്പര്യമുണ്ടായിത്തീർന്നു. യോഗീശ്വരനെക്കുറിച്ചു് അവൾക്കു് വളരെ ബഹുമാനവും ഭക്തിയും ഉള്ളവളാണ്. ഗൃഹകൃത്യങ്ങൾ ഒക്കെയും വെടിപ്പായി കഴിച്ചു് ഇടയുള്ളപ്പോഴൊക്കെയും കുന്ദലതയോടു് സംസാരിച്ചും അവളെ ലാളിച്ചുംകൊണ്ട് കാലക്ഷേപം ചെയ്യുകയുംചെയ്യും.

രാമദാസൻ എന്ന ഭൃത്യനു് ഒരു നാല്പതു വയസ്സു് പ്രായമായിരിക്കണം. വളരെ വിശ്വാസയോഗ്യനും വകതിരിവുള്ളവനുമാണു്. ചെറുപ്പം മുതൽക്കേ യോഗീശ്വരന്റെ ഭൃത്യനാകയാൽ അദ്ദേഹത്തിന്റെ സംസർഗം ഹേതുവായിട്ടു് എല്ലാ ഭൃത്യന്മാർക്കും ഇല്ലാത്തതായ സ്വാമിഭക്തി, സത്യം എന്ന രണ്ടു ഗുണങ്ങൾ അവന്റെ സ്വഭാവത്തിനു സഹജമായിത്തീർന്നിരിക്കുന്നു. അവൻ യോഗീശ്വരനു് എന്തു വേണം എന്നുവച്ചാൽ അതു ചെയ്യാൻ സന്നദ്ധനാണു്. ദേഹത്തിനു് നല്ലശേഷിയും അധികമായ ധൈര്യവുമുണ്ടു്. അവനെ കാണുന്ന-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/9&oldid=214240" എന്ന താളിൽനിന്ന് ശേഖരിച്ചത്