ല്ലാത്ത ആ രാജസഭയുടെ നടുവിൽ താൻ ഒരുവൻ, എല്ലാവരുടെയും നോക്കുകൾക്കു് ലാക്കായി നില്ക്കേണ്ടിവന്നുവെങ്കിലും ദൂതനു് ഒട്ടുംതന്നെ ഒരു ചാഞ്ചല്യമുണ്ടായില്ല. ആസനത്തിന്മേൽ ഇരുന്ന ഉടനെ താൻ വന്ന കാര്യം പറവാൻ സമ്മതമുണ്ടോ എന്നു ചോദിക്കും പ്രകാരം വളരെ വിനയത്തോടുകൂടി രാജാവിനു് അഭിമുഖനായി. കുന്തളേശൻ മന്ത്രിമാരുടെ മുഖത്തു് ഒന്നു നോക്കി വന്ന കാര്യം പറയാമെന്നു കല്പിച്ചു.
ദൂതൻ എഴുനീറ്റു രാജാവിനെയും സഭക്കാരേയും രണ്ടാമതും വന്ദിച്ചു്, ഇപ്രകാരം വ്യക്തമായി ഉച്ചത്തിൽ പറഞ്ഞു:സാർവഭൗമനെന്നു സ്ഥാനമുടയ, ഏകച്ഛത്രാധിപതിയായ ശ്രീ പ്രതാപചന്ദ്ര കലിംഗ മഹാരാജവവർകൾ അദ്ദേഹത്തിന്റെ ദൂതനായ എന്റെ മുഖേന കൃതവീര്യൻ എന്ന നാമധേയമായ കുന്തളരാജാവിനോടു് പറയുന്നതാവിതു്:കുന്തളേശൻ നമ്മുടെ ഛത്രത്തിൻകീഴിൽ വളരെ കാലമായി സമാധാനത്തോടുകൂടി നമുക്കു് കോഴ തന്നു കൊണ്ടു് രാജ്യം ഭരിച്ചുവന്നിരുന്നതും, പതിനെട്ടു സംവത്സരം മുമ്പേ നമ്മോടു് മത്സരിച്ചു ജയിപ്പാൻ കഴിയാതെ നമ്മുടെ ശാസനയിൻ കീഴിൽ ഒതുങ്ങിയതും, അന്നു് നിശ്ചയിച്ച പുതുതായ ഉടമ്പടിക്കനുസരിച്ചു് ഇതുവരെ കഴിഞ്ഞുപോന്നിട്ടുള്ളതും നല്ല നിശ്ചയമുണ്ടായിരിക്കെ, നമുക്കു് അഭിഷേകം കഴിഞ്ഞിട്ടു് ആറു മാസത്തോളമായിട്ടും നമ്മെ വന്നു കാണുകയാകട്ടെ, കിഴുക്കടപ്രകാരം നമുക്കു് ഉപചാരം ചെയ്യുകയാകട്ടെ. ചെയ്തിട്ടില്ലാത്തതിന്നും നമുക്കു് കാലംതോറും വീഴ്ചകൂടാതെ എത്തിച്ചുകൊള്ളാമെന്നു വെച്ചിട്ടുള്ളതും, അപ്രകാരം എത്തിച്ചുപോന്നിരുന്നതും, ആയ കോഴദ്രവ്യം ഇക്കുറി എത്തിക്കാത്തതിന്നും മതിയായ കാരണം വല്ലതും ഉണ്ടോ? ഇല്ലെന്നുവരികിൽ കുന്തളേശൻ ഇപ്രകാരം ചെയ്തതിനെക്കുറിച്ചു് നമ്മോടു് തക്കതായ സമാധാനം, താമസിയാതെ പറഞ്ഞിട്ടില്ലെങ്കിൽ കുന്തളരാജ്യം നമ്മുടെ സ്വന്തം രക്ഷയിൽ ആക്കുകയും, കുന്തളേശന്റെ രാജ്യഭരണം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരുമെന്നു് കൃതവീര്യൻ എന്ന നാമധേയമായ കുന്തളേശൻ അറിയേണ്ടതാണു്.'
ദൂതൻ ഇങ്ങനെ ഒട്ടും സഭാകമ്പം കൂടാതെ ഉച്ചത്തിൽ പറയുമ്പോൾ നിശ്ശബ്ദമായിരുന്ന ആ സഭ, സംസാരം അവസാനിച്ചപ്പോഴേക്കു്, സംസാരിച്ച കാര്യത്തേക്കുറിച്ചും, മറ്റും ജനങ്ങൾ അന്യോന്യം ക്ഷമകൂടാതെ ഓരോന്നു് ചെവിയിൽ മന്ത്രിക്കുവാൻ തുടങ്ങുകയാൽ അഗാധമായ വാഹിനികളുടെ അടിയിൽനിന്നു ചിലപ്പോൾ കേൾക്കാവുന്ന മാതിരി ഒരു എരമ്പംകൊണ്ടു മുഴങ്ങി.ദൂതിന്റെ താല്പര്യം മനസ്സിലായപ്പോൾത്തന്നെ ഭാവം പകർന്നിരുന്ന കൃതവീര്യൻ കർണകഠോരങ്ങളായ ആ ഒടുവിൽ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഏറ്റവും ക്രോധപരവശനായി കുറച്ചു നേരത്തേക്കു് എന്തു പറയേണ്ടു എന്നുണ്ടായില്ല പിന്നെ അരിശം സഹിയാതെ