താൾ:Kundalatha.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാദപീഠത്തെ ചവിട്ടിമറിച്ചു്, വളെരെ ഘനമുള്ള സിംഹാസനം ശബ്ദത്തോടുകൂടി പിന്നോട്ടു നിരങ്ങത്തക്കവണ്ണം ഊക്കോടുകൂടി എഴുനീറ്റു് 'ഇനി വല്ലതും പറവാനുണ്ടോ?' എന്നു് ഇടിവെട്ടുമ്പോലെ അതിരൗദ്രതയോടുകൂടി ചോദിച്ചു. അപ്പോഴാണു് ആ സഭ രണ്ടാമതും നിശ്ശബ്ദമായതു്. കണ്ണുകൾ ഉരുട്ടി പുരികകൊടികൾ വളഞ്ഞു്, രൂദ്രമൂർത്തിയെപോലെ കൃത്യവീരൻ നില്ക്കുന്നതു കണ്ടപ്പോൾ സഭയിൽ ഉണ്ടായിരുന്നവരെല്ലാവരും, ധൈര്യശാലിയായ ദൂതൻ തന്നെയും ഒന്നു നടുങ്ങി. ദൂതൻ തന്റെ ഭീതിയെ ഒട്ടും പ്രകാശിപ്പിക്കാതെ 'ഇല്ല' എന്നു മാത്രം ശാന്തതയോടുകൂടി മറുപടി പറഞ്ഞു. കൃത്യവീരൻ: പുരാതനമായി നമ്മുടെ പൂർവന്മാർ ഭരിച്ചുവന്നിരുന്ന ഈ രാജ്യം കലിംഗാധീശന്നു് കൈവിട്ടു കൊടുക്കയോ, നിന്റെ സ്വാമിയെ ചെന്നു കാണാത്തിതിന്റെ പരിഭവം തീർക്കയോ ചെയ്യേണ്ടതു് എന്നു് ആലോചിച്ചു് നിന്റെ സ്വാമിയെ വഴിയെ അറിയിക്കാമെന്നു പറക. ദൂതൻ: ഇവിടുത്തെ തീർച്ചയായ മറുപടി അറിഞ്ഞല്ലാതെ മടങ്ങി ചെല്ലരുതെന്നാണു് എന്റെ സ്വാമിയുടെ കല്പന. പക്ഷേ, ആലോചന കഴിയുംവരെ ഞാൻ ഇദ്ദിക്കിൽത്തന്നെ താമസിക്കാം. കൃത്യവീരൻ: എന്നാൽ ഈ പറഞ്ഞതു് രണ്ടും ഉണ്ടാവില്ലെന്നു് നിന്റെ സ്വാമിയോടറിയിക്കുക. ദൂതൻ: വളെരെ കാലത്തോളം സമാധാനമായി കഴിഞ്ഞുവന്നിരുന്ന ഈ രാജ്യങ്ങൾ തമ്മിൽ കലഹങ്ങൾ തുടങ്ങുവാനും വളെരെ വീരന്മാർ നശിക്കുവാനും കാരണമാകുന്ന ഈ മറുപടി കൊണ്ടുപോകുവാൻ എനിക്കു സംഗതി വന്നതു വിചാരിച്ചു് വളെരെ വ്യസനമുണ്ടു്. മറുപടി ഭേദപ്പെടുത്തുവാൻ ഭാവമില്ലാത്തപക്ഷം ഇതു തന്നെ കൊണ്ടുപോകയല്ലാതെ നിവൃത്തിയില്ലല്ലാ ദൂതൻ ഒടുവിൽ പറഞ്ഞതു കേട്ടു് എന്ന ഭാവംതന്നെ കുന്തളേശൻ ഭാവിച്ചില്ല. പറഞ്ഞതു് ഇളക്കുകയില്ലെന്നു മനസ്സിലാവുകയാൽ ദൂതൻ, യാത്ര പറയുന്നമാതിരിയിൽ രാജാവിനേയും സഭാവാസികളെയും ഒന്നു നോക്കി കുമ്പിട്ടു്, രാജസഭയിൽനിന്നു് ഇറങ്ങി, അപ്പോൾതന്നെ കുതിരപ്പുറത്തു കയറി മടങ്ങിപോവുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/74&oldid=163080" എന്ന താളിൽനിന്ന് ശേഖരിച്ചത്