താൾ:Kundalatha.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാലേറ്റി ഒരു കൈകൊണ്ടു തന്റെ വലിയ മീശ പിടിച്ചു തിരിച്ചുംകൊണ്ടു് താനും ആലോചനയായിരുന്നു. മന്ത്രിമാർ തങ്ങളുടെ ആലോചന കഴിഞ്ഞു മുഖത്തോടു മുഖംഎല്ലാവരും നോക്കി, അവരിൽ അധികം പ്രായംചെന്ന ഒരാൾഎഴുനീറ്റു് ഇപ്രകാരം പറഞ്ഞു:

'എനിക്കു തോന്നിയതു് ഞാൻ ഉണർത്തിക്കാം. ഇവിടുന്നു് അരുളിച്ചെയ്തതൊക്കെയും യഥാർത്ഥമാണു്. ഇത്ര നല്ല തക്കം നമുക്കു് ഇനി ഒരിക്കൽ കിട്ടുവാൻ പ്രയാസം. പക്ഷേ, യാതൊരു കാരണവും കൂടാതെ‌ നാം അങ്ങോട്ടു് അതിക്രമിക്കുവാൻ പോകുന്നതു് അത്ര നല്ലതോ എന്നു സംശയിക്കുന്നു. ഇവിടത്തെ ഭാഗ്യംകൊണ്ടും യുദ്ധവൈദഗ്ദ്ധ്യം കൊണ്ടും ജയം കിട്ടുവാൻ നല്ല സംഗതിയുണ്ടു്. എന്നാൽ, ഞങ്ങളുടെ സാമർത്ഥ്യം പോരായ്കയാലൊ, പ്രജകളുടെ ഭാഗ്യംദോ‍ഷംകൊണ്ടോ നാം വിചാരിക്കുന്നതിനു വിപരീതമായിട്ടാണു് ഈ ആരംഭത്തിന്റെ അവസാനം എങ്കിൽ, നമ്മുടെ ശത്രുക്കൾക്കും മററു രാജാക്കന്മാർക്കും നാം ഒരു പരിഹാസപാത്രമായി ഭവിക്കുമെന്നുള്ളതിനു സംശയമുണ്ടോ?ഇങ്ങനെയൊര തടസ്സം മാത്രമേ എനിക്കു തോന്നുന്നുള്ളു.

രണ്ടാമൻ ഒരു മന്ത്രി: അതു ഞാൻ ഒരു തടസ്സമായിട്ടു വിചാരിക്കുന്നില്ല. തങ്ങളെകൊണ്ടു കഴിയുമ്പോൾ തങ്ങളുടെ സ്വതന്ത്ര്യം വീണ്ടുകൊള്ളുവാനായി ,ആംവണ്ണം യത്നിക്കുന്നതിനു് യാതൊരു ഭംഗികേടും ഇല്ല. നാം വൃഥാവിൽ അവരെ അങ്ങോട്ടു് അതിക്രമിക്കുവാൻ തുടങ്ങുകയല്ലല്ലോ. നമ്മുടെ പക്കൽനിന്നു് അപഹരിച്ചതിനെ തിരികെ കിട്ടുവാനല്ലെ നമ്മുടെ ശ്രമം? പക്ഷേ, കപിലനാഥൻ ഇല്ലല്ലൊ എന്നു വിചാരിച്ചു നാം അത്ര ധൈര്യപ്പെടേണ്ട. കപിലനാഥന്റെ അനുജനായ അഘോരനാഥനാണു് ഇപ്പോഴത്തെ പ്രധാനമന്ത്രി. അദ്ദേഹത്തിന്നു് കപിലനാഥനെപ്പോലെതന്നെ ബുദ്ധികൗശലം ഇല്ലെങ്കിലും അതിസമർത്ഥനായ ഒരു യോദ്ധാവാണു്. ആ ഒരാൾക്ക് തുല്യനായിട്ടു് ഇവിടുന്നൊഴികെ നമ്മുടെ ഇടയിൽവേറെ ഒരു ആളുണ്ടന്നു് എനിക്കു തോന്നുന്നില്ല.

'ഇവിടുന്നൊഴികെ' എന്നു പറഞ്ഞപ്പോൾ രാജാവു് അല്പം ഒന്നു പുഞ്ചിരിച്ചുകൊണ്ടു.

മൂന്നാമൻ ഒരു മന്ത്രി: അഘോരനാഥൻ അതിനിപുണനായ ഒരുയോദ്ധാവുതന്നെ. അതുകൊണ്ടു് നാം അടങ്ങിയിരിക്കുവാൻ പാടുണ്ടോ? തിരിഞ്ഞുനോക്കിയാൽ നമ്മുടെ കൂട്ടത്തിലും അ അതുപോലെയുള്ളവർ അപൂർവം ചിലരുണ്ടാകില്ലെന്നില്ല. ഒരു സമയം ഇല്ലെന്നുവെച്ചാൽത്തന്നെ, മഗധേശനുമായി നാം സഖ്യത്തിലിരിക്കുന്ന അവസ്ഥയ്ക്ക്, ഇവിടത്തെ അഭിലാഷം അല്പം ഒന്നു് അങ്ങോട്ടു് അറിയിച്ചാൽ അദ്ദേഹം ഒരു യവനസൈന്യത്തെത്തന്നെ അയച്ചുതരുവാൻ മടിക്കുകയില്ല. യവനന്മാരായിട്ടു്

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/69&oldid=163074" എന്ന താളിൽനിന്ന് ശേഖരിച്ചത്