താൾ:Kundalatha.djvu/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിത്യത ചെയ്യുന്ന പ്രവർത്തിയാൽ അദ്ദേഹത്തിന്റെ ദൃഷ്ടിയും പരിശോധനയും ഉണ്ടാവും. ഒരുവന്റെ പക്കൽ ആകൃത്യമായിട്ടോ, തെറ്റായിട്ടോ വല്ലതും കണ്ടാൽ അപ്പോൾ രാജാവിന്റെ ചൂരൽ അവന്റെ പുറത്തു വീണു. രാജാവു് വരുന്നു എന്നു കേട്ടാൽ കിടുകിടെ വിറയ്ക്കാത്തവർ വളരെ ജാഗ്രതയോടും വകതിരിവോടുകൂടി തങ്ങളുടെ പണി നടത്തുന്നവർ മാത്രമെയുണ്ടായിരുന്നുള്ളും. താൻ കാര്യത്തിന്നു നല്ല പ്രാപ്തിയുള്ളാളാകയാൽ ഒട്ടും മുഖം നോക്കാതെ പണിക്കുപോരാത്തവരെ താഴ്ത്തുകയും, പ്രാപ്തന്മാരെ തിരഞ്ഞെടുത്തു് വലിയ സ്ഥാനങ്ങളിൽ വയ്ക്കുകയുംചെയ്യും. അതുകൊണ്ടു് മര്യാദക്കാർക്കൊക്കെയും രാജാവിനെ സ്നേഹവും, മറ്റുള്ളവർക്കു് ഭയവും രാജ്യഭരണത്തിനുള്ള പ്രാപ്തിയെ സംബന്ധിച്ചേടത്തോളം എല്ലാവർക്കും ബഹുമാനവും ഉണ്ടായിരുന്നു.

ഒരു നാൾ കൃതവീരൻ തന്റെ വിഖ്യാതന്മാരായ ചില മന്ത്രിപ്രവീരന്മാരെ ആളയച്ചു വരുത്തി,താനും അവരുംകൂടി മന്ത്രശാലയിൽ എത്തിക്കൂടി, ഏറ്റവും മുഖ്യമായ ചില രാജ്യകാര്യങ്ങളെക്കൊണ്ടു ആലോചന തുടങ്ങി:

കൃതവീര്യൻ:പ്രിയ സചിവന്മാരെ! നാം വളരെക്കാലമായി ആലോചിച്ചിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ പ്രവൃത്തിപ്പാൻ നല്ല തക്കം വന്നിരിക്കുന്നുവെന്നു് നമുക്കു തോന്നുകയാൽ നമ്മുടെ അഭിപ്രായങ്ങളെ വിവരമായി നിങ്ങളെ ഗ്രഹിപ്പിച്ചു് അധികം അറിവും, പഴമയും, ആലോചനശക്തിയും, നമ്മെക്കുറിച്ചു് കൂറും ഉള്ള നിങ്ങളുടെ അഭിപ്രായം എങ്ങനെയെന്നു് അറിവാനാകുന്നു നിങ്ങളെ എല്ലാവരെയും ഇന്നു് ആലോചനസഭയിലേക്കു വരുത്തിയതു്. ആ കാര്യങ്ങൾ പല സംഗതികളെക്കൊണ്ടും ഇത്ര നാളും, അതിവിശ്വാസയോഗ്യന്മാരും,ആപ്തന്മാരുമായ നിങ്ങളെപ്പോലും അറിയിക്കാതെ രഹസ്യമായി വെക്കേണ്ടിവന്നതിനാൽ സമചിത്തന്മാരായ നിങ്ങൾക്കു് അപ്രിയം തോന്നുകയില്ലെന്നു വിശ്വസിക്കുന്നു. നമ്മുടെ പൂർവന്മാർ സ്വതന്ത്രന്മാരായിരുന്നു എന്നും കലിംഗാധീശന്റെ അതിക്രമം ഹേതുവായിട്ടു് നമ്മുടെ കുലമഹിമ ഇങ്ങനെ മങ്ങിക്കിടക്കുന്നതാണെന്നും, പൂർവവൃത്താന്തം അറിവുള്ള നിങ്ങളോടു വിസ്തരിച്ചു പറവാൻ ആവശ്യമില്ലല്ലോ. പിന്നെ നമ്മുടെ ഓർമയിൽത്തന്നെ നമ്മുടെ ജ്യേഷ്ഠൻ ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ കിട്ടുവാൻ ചെയ്ത ശ്രമം നിങ്ങളാൽ ചിലരുടെ ആലോചന പിഴയ്ക്കയാലും, നമ്മുടെ ബലം കുറകയാലും അത്യന്തം അപമാനമായി കലാശിച്ചതു് വിചാരിച്ചുനോക്കുമ്പോൾ നമ്മുടെ മനസ്സുരുകുന്നു.('നിങ്ങളാൽ ചിലരുടെ'എന്നു ‌പറഞ്ഞതോടുകൂടൂ സഭയിൽ‌ ഇരുന്നിരുന്ന രണ്ടു മന്ത്രിമാരുടെ മുഖത്തേക്കു് ഇടക്കണ്ണിട്ടോന്നു നോക്കി).

ഇപ്പോൾ കലിംഗരാജ്യത്തു് ചിത്രരഥരാജാവു വളരെ വൃദ്ധനായി. അദ്ദേഹം ഉള്ളതും ഇല്ലാത്തതും കണക്കൊന്നു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/67&oldid=163072" എന്ന താളിൽനിന്ന് ശേഖരിച്ചത്