താൾ:Kundalatha.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃതവീര്യൻ വളരെ ഗംഭീരനും പരാക്രമിയും രാജ്യതന്ത്രങ്ങളിൽ നിപുണനും ആയിരുന്നു. അദ്ദേഹത്തിന്നു് ഈ കഥയുടെ കാലത്തു് പ്രായം നാല്പതു വയസ്സിന്നടുത്തിരുന്നുവെങ്കിലും ദേഹം സ്ഥൂലിപ്പാനുള്ള ഭാവം ലേശംപോലും ഉണ്ടായിരുന്നില്ല. ഒരു ഒത്ത ആളോളം മാത്രമേ എകരം ഉണ്ടായിരുന്നുള്ളു. എങ്കിലും ആദ്ദേഹത്തിന്റെ നടത്തം പാടുള്ളേടത്തോളം നിവർന്നു് തല പൊക്കിയും മാറിടം അൽപ്പം മുന്നോട്ടു തള്ളിയും ആകയാൽ, കാഴ്ചയ്ക്ക് ഉള്ളതിൽ അധികം വലിപ്പമുള്ളാളാണെന്നു തോന്നും. മുഖം ചെറുപ്പകാലങ്ങളിൽ അല്പം ശ്രംഗാരരസം ഉള്ളതായിരുന്നുവെങ്കിലും ഇപ്പോൾ ആയതു് കേവലം പോയി വീരരസപ്രധാനമായി തീർന്നിരിക്കുന്നു. ചിലപ്പോൾ രൗദ്രവും പകർന്നുകാണാം. വെളുത്തു് രക്തപ്രസാദമുള്ള ആ മുഖത്തെ അലങ്കരിക്കുന്നതായ ഏറ്റവും പ്രസരിപ്പും ചൈതന്യവുമുള്ള ലോചനയുഗളം അന്തരംഗത്തിന്റെ അടക്കമില്ലായ്മയേയും ഉന്നതഭാവത്തെയും വിളിച്ചു പറയുന്നുവൊ എന്നു തോന്നും.

കൃതവീര്യന്റെ സ്വഭാവം വർണിക്കുവാൻ എളുപ്പമല്ല. ആയതു് ചെറുപ്പത്തിലുണ്ടായിരുന്ന സചിവന്മാരുടെ ദുർബോധനയാലും പാർശ്വസേവികളുടെ മുഖസ്തുതിയാലും ചീത്തയാക്കപ്പെട്ടിരുന്നു എങ്കിലും മനസ്സിന്നു് ജാത്യാലുള്ള ആർജവംമാത്രം വിട്ടുപോയിട്ടുണ്ടായിരുന്നില്ല. ബാല്യത്തിൽ അമിതമായി ലാളിച്ചുവളർത്തുകയാലും താൻ നിത്യത കാണുന്നവരിൽ അധികം ജനങ്ങളും അടിമകളെപ്പോലെ താഴ്മയായി നിൽക്കുന്നതു കണ്ടു പരിചയിക്കയാലും തന്റെ ഹിതത്തിന്നുവിപരീതമായി ആരെങ്കിലും പ്രവർത്തിച്ചതായിട്ടൊ അഭിപ്രായത്തിന്നു് മറുത്തു പറഞ്ഞതായിട്ടൊ ഓർമയില്ലായ്കയാലും രാജാക്കന്മാർക്കു് അസാധാരണയില്ലാത്ത ദുരഭിമാനം ദുശ്ശാസനം മുതലായ ദുർഗുണങ്ങൾ അദ്ദേഹം അറിയാതെ അദ്ദേഹത്തിന്റെ മനസ്സിനെ ബാധിച്ചിരുന്നു. ഗർവവും പ്രൗഢിയും മൂർത്തീകരിച്ചിരിക്കുകയോ എന്നു തോന്നും. താഴ്മയോ, വിട്ടൊഴിച്ചിലോ ലേശംപോലും ഇല്ല. കോപവും സാമാന്യത്തിൽ അധികം ഉണ്ടു്. രാജധാനിയിൽ ഉള്ള സകല അമാത്യന്മാർക്കും ഭൃത്യന്മാർക്കും വളരെ പഴക്കമുള്ള മന്ത്രിമാർക്കുംകൂടി രാജാവിന്റെ പുരികക്കൊടി അൽപം ചുളിഞ്ഞു കണ്ടാൽ അകത്തു് ഒന്നു കാളാതിരിക്കയില്ല. എന്നാൽ , സാധാരണ എല്ലാ രാജാക്കന്മാർക്കും ഇല്ലാത്ത ചില വിശേ‍ഷഗുണങ്ങളും കൃതവീര്യന്നുണ്ടായിരുന്നു. രാജ്യപരിപാലനത്തിങ്കൽ അലസത ലേശംപോലും ഉണ്ടായിരുന്നില്ലെന്നു മുമ്പുതന്നെ പ്രസ്താവിച്ചുവല്ലോ. തന്റെ പ്രജകൾക്കു് പരിഷ്കാരം വർദ്ധിക്കണമെന്നും തന്റെ സൈന്യം ഭീമബലമുള്ളതായി തീരേണമെന്നും തന്റെ ഭണ്ഡാരം എപ്പോഴും നിറഞ്ഞിരിക്കേണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മോഹങ്ങൾ. ആയവ സാധിക്കേണ്ടതിന്നുള്ള വഴികളും പ്രകാരങ്ങളും താൻ വഴിപോലെ ഗ്രഹിച്ചിട്ടും ഉണ്ടായിരുന്നു. തന്റെ കീഴിലുള്ള സകല ഉദ്യോഗസ്ഥന്മാരുടെയും

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/66&oldid=163071" എന്ന താളിൽനിന്ന് ശേഖരിച്ചത്