താൾ:Kundalatha.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനി നമ്മുടെ കഥ ഇതുവരെ പ്രസ്താവിക്കാത്തതായ ഒരു സ്ഥലത്തു വെച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

കലിംഗരാജ്യത്തിന്റെ വടക്കു പടിഞ്ഞാറു ദിക്കിൽ കുന്തളം എന്നൊരു രാജ്യമുണ്ട്. കുന്തളരാജാക്കന്മാർ പണ്ടു് സ്വതന്ത്രന്മാരായിരുന്നുവെങ്കിലും ഈ കഥയുടെ കാലത്തിന്നു് ഏകദേശം ഒരു നുറ്റാണ്ടു് മുമ്പെ, ശക്തനായ ഒരു കലിംഗരാജാവു് വിക്രമാദിത്യൻ എന്നു ലോകപ്രസിദ്ധനായ മാളവരാജാവിനോടു സഖ്യംചെയ്തു്, കുന്തളേശനോടു പടവെട്ടി ജയിച്ചു് കപ്പം വാങ്ങി തുടങ്ങിയിരുന്നു. കുന്തളരാജ്യത്തു് പ്രബലന്മാരായ രാജാക്കന്മാർ ആരും അതിന്നുശേഷം കുറേ കാലത്തേക്കു് ഉണ്ടാകായ്കയാൽ കുന്തളേശന്മാർ അനാദിയായിട്ടുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ വീണ്ടുകിട്ടുവാൻ ശ്രമിക്കാതെ, കലിംഗരാജാക്കന്മാരുടെ ശാസനയിൻകീഴിൽ ഒതുങ്ങി അവർക്കു കപ്പം കൊടുത്തുകൊണ്ടു് അവരുടെ മേക്കോയ്മയോടുകൂടിയാണു് തങ്ങളുടെ രാജ്യം ഭരിച്ചുവന്നിരുന്നതു്. ചിത്രരഥൻ എന്ന കലിംഗമഹാരാജാവിന്റെ ചെറുപ്പകാലത്തു് അന്നത്തെ കുന്തളേശൻ താൻ കപ്പം കൊടുക്കുകയില്ലെന്നും കലിംഗാധീശന്നു തന്നോടു കപ്പം വാങ്ങുവാൻ അവകാശമില്ലെന്നും മററും തർക്കിക്കുകയാൽ,യുദ്ധംചെയ്തു് കലിംഗാധീശൻ പണിപ്പെട്ടു് കുന്തളേശനെ ഒതുക്കി, രണ്ടാമതും കപ്പം വാങ്ങി.ആ അപജയം പ്രാപിച്ചു് കുന്തളേശൻ പുരുഷപ്രജകൾ കൂടാതെ മരിച്ചു. കൃതവീര്യൻ എന്ന അദ്ദേഹത്തിന്റെ പ്രബലനായ അനുജനു് രാജ്യം കിട്ടി. ഏകദേശം ഇരുപത്തഞ്ചു വയസ്സു പ്രായമായപ്പോഴാണ് പട്ടം കിട്ടിയതു്. അതിൽ പിന്നെ അദ്ദേഹം ഒരു പന്തീരാണ്ടു കാലം വളരെ ശുഷ്കാന്തിയോടും പ്രാപ്തിയോടുംകൂടി തന്റെ രാജ്യം ഭരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/65&oldid=163070" എന്ന താളിൽനിന്ന് ശേഖരിച്ചത്