താൾ:Kundalatha.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്റെ ആ അവസ്ഥയെക്കുറിച്ച് ചിലപ്പോൾ കുന്ദലതതന്നെ വിചാരിക്കും:

'പണ്ട് ഇദ്ദേഹത്തെ അറിവും പരിചയവും ലേശംപോലും ഇല്ല-എന്നോട് ഇതുവരെ ഒരു വാക്കെങ്കിലും സംസാരിച്ചിട്ടും ഇല്ല-എന്നു മാത്രമല്ല,എന്നെക്കൊണ്ടു് ഇദ്ദേഹത്തിന് എന്തു തോന്നീട്ടുണ്ടോ എന്നും എനിക്ക് നിശ്ചയമില്ല-അങ്ങനെയിരിക്കുന്ന ഈ തരുണനോട് എനിക്ക് എങ്ങനെ ഇത്ര ആർദ്രത സംഭവിച്ചു?-ആശ്ചര്യം തന്നെപ്പോലെ ഒരാൾ കഷ്ടത്തിൽ അകപ്പെട്ടിരിക്കുന്നതു കണ്ടാൽ,വ്യസനം തോന്നുന്നതും അവരെ യഥാശക്തി സഹായിപ്പാനാഗ്രഹമുണ്ടാകുന്നതും മാനുഷഹൃദയത്തിന്റെ വൈശിഷ്ട്യമായിരിക്കാം-എന്നാൽ,വേറോരാൾ ഈ അവസ്ഥയിൽത്തന്നെയായിരുന്നാൽ എനിക്ക് ആയാളെക്കുറിച്ച് ഈ വിധം ഒക്കെയുംതോന്നുമോ?- അതു സന്ദേഹം-ദയ തോന്നാതിരിക്കയില്ല, നിശ്ചയംതന്നെ-പ്രേമമോ?-അതിനെന്തു കാരണം?പ്രേമം മറ്റൊരുത്തനോട് അസംഗതിയായി തോന്നുന്നതല്ലല്ലോ-എന്തോ-മനുഷ്യഹൃദയത്തിന്റെ വികൃതികൾ!

അച്ഛനും എന്നെപ്പോലെതന്നെ ഈ യുവാവിന്റെമേൽ പ്രതിപത്തി കാണ്മാനുണ്ട്.ഈ ആപത്തിന്നുശേഷം അധികവും ഉണ്ട് ഇതിനെന്തു കാരണം? ഇദ്ദേഹവും ഞാൻ മാത്രമായി അച്ഛന്ന് ഇപ്പോൾ അധികം സ്നേഹം ആരെയാണെന്നു പറവാൻ പ്രയാസം. അച്ഛന്ന് വളരെനേരം ഇദ്ദേഹത്തിന്റെ ഒരുമിച്ചു കഴിഞ്ഞിട്ടും അച്ഛനെക്കുറിച്ച് ഇദ്ദേഹം വളരെ സ്നേഹവും ആഭിമുഖ്യവും കാണിക്കയാലും ഇദ്ദേഹത്തോട് ഇത്ര മമതയുണ്ടായതു് അത്ഭുതമല്ല-എനിക്കോ?--ഇതിനൊന്നിനും സംഗതിയുണ്ടായിട്ടില്ലല്ലോ. എന്റെ പ്രേമമോ-അതിവിപുലം! മറച്ചുവക്കുവാൻ പ്രയാസം-പണ്ടിങ്ങനെയുണ്ടായിട്ടില്ല-ജന്മാന്തരവാസനയോ?-അതല്ല-അതു മായമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ-പരമാർത്ഥം ഈശ്വരനറിയാം.ഏതെങ്കിലും ഇദ്ദേഹത്തിന്റെ ദീനം വേഗത്തിൽ ആശ്വാസമായി,മുമ്പത്തെ ഓജസും മുഖപ്രസാദവും രണ്ടാമതും ഉണ്ടാകട്ടെ ഈശ്വരാ!

ഇങ്ങനെയുള്ള വിചാരത്തോടുകൂടി, കുന്ദലത വേറെ യാതൊന്നിന്നും ശ്രദ്ധവെക്കാതെ രാമകിശോരനെ ശുശ്രുഷചെയ്യും. യോഗീശ്വരന്നും കുന്ദലതയുടെ ഔത്സുക്യം കണ്ടിട്ടു് അല്പം മന്ദസ്മിതത്തോടുകൂടി നോക്കി ഉളളിൽ സന്തോഷിക്കും. രാമകിശോരനെ വഴിപോലെ ശുശ്രൂഷിക്കുന്നുണ്ടലോ എന്നുമാത്രം ചിലപ്പോൾ കുന്ദലതയോടു ചോദിക്കുകയും ചെയ്യും.

ഒരു മാസാർദ്ധത്തിൽപുറം അങ്ങനെ ചികിത്സയായി കഴിഞ്ഞ ശേഷമാണു് മുറി ഉണക്കം തുടങ്ങിയതു്. മുറിക്കു് അധികം ആഴം ഉണ്ടായിരുന്നതിനാൽ ഒരിക്കൽ അല്പം പനിയുണ്ടായി പഴുപ്പു കയറുമോ എന്നുകൂടി രണ്ടു ദിവസം എല്ലാവരും ഭയപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/61&oldid=163066" എന്ന താളിൽനിന്ന് ശേഖരിച്ചത്