Jump to content

താൾ:Kundalatha.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലും രാമകിശോരനെ വളരെ വണക്കത്തോടും ആദരവോടുകൂടിയും തന്റെ ഗുരുവിനെ പോലെയുമാണു് കുന്ദലത വിചാരിച്ചുവന്നിരുന്നതു്.

ആപത്തുണ്ടാവുന്ന സമയങ്ങളിൽ മനസ്സിന്നു് കരുതൽ വിട്ടു മറ്റു സമയങ്ങളിൽ നമ്മേക്കൊണ്ടു് മറച്ചുവെക്കുവാൻ കഴിയുന്ന ചില വികാരങ്ങൾ നമ്മുടെ അറിവുകൂടാതെ പ്രകാശിപ്പിക്കുന്നതു് അസാധാരണയല്ലല്ലോ.രാമകിശോരന്റെ പരമാർത്ഥം മുഴുവനും കുന്ദലത അറിവാൻ ഇടവന്നിട്ടുണ്ടായിരുന്നുവെങ്കിൽ അവളുടെ മനസ്സിൽ അവളുടെ അറിവോടുകൂടിതന്നെ ജനിച്ചു് യഥേഷ്ടം വളരുവാൻ അവൻ സമ്മതിച്ചിരുന്ന ചില വികാരങ്ങൾ, അവളുടെ അറിവുകൂടാതെതന്നെ അവിടെ ജനിച്ചിട്ടുണ്ടായിരുന്നു. അനർഹങ്ങളായ വിഷയങ്ങളിൽ മനസ്സിനെ സഞ്ചരിപ്പാനയയ്ക്കുന്നതു കഷ്ടമാണല്ലോ എന്നുവെച്ചു്, കുന്ദലത തന്റെ ആ വികാരങ്ങളെ ധിക്കരിച്ചു്,ഒട്ടും പ്രകാശിപ്പിക്കാതെ കഴിച്ചുപോന്നിരുന്നു. ആ വികാരങ്ങൾ രാമകിശോരനു് ഈ ആപത്തു വന്നപ്പോൾ താനേ വെളിപ്പെട്ടു. രാമകിശോരനെ ശുശ്രൂഷിപ്പാൻ, യോഗീശ്വരൻ കുന്ദലതയെ ഏല്പിച്ചതിനാൽ ആ വികാരങ്ങളെ പ്രദർശിപ്പിക്കാൻ നല്ല ഒരു അവസരവും ആയി.രാമകിശോരനെക്കുറിച്ച് കന്ദലതയ്ക്ക് ഒന്നാമതായി ഒരു ആശ്ചര്യമാണു് ഉണ്ടായതു്. അതിൽനിന്നു് താമസിയാതെ ദൃഢമായ ഒരു സ്നേഹവും ഉളവായി. അതു ഹേതുവായിട്ടു് രാമകിശോരന്റെ ആ അവശസ്ഥിതിയിൽ കുന്ദലത തന്റെ സ്നേഹത്തെ സ്പഷ്ടമയി കാണിച്ചു. രോഗികളെ ശുശ്രൂഷ ചെയവാൻ വശമുണ്ടായിരുന്നെങ്കിലും, രാമകിശോരന്നു് തല്ക്കാലം വേണ്ടന്നതിനെ അറിഞ്ഞു പ്രവർത്തിപ്പാൻ വേഗത്തിൽ ശീലമായി. ബുദ്ധിയുള്ളവർ താല്പര്യത്തോടുകൂടി മനസ്സിരുത്തിയാൽ എന്തൊന്നാണു വശമാക്കുവാൻ കഴിയാത്തത്? അവൾ എപ്പോഴും രാമകിശോരന്റെ സമീപത്തുതന്നെ വിട്ടുപോകാതെ നില്ക്കും. ആവശ്യം ഇന്നതെന്നറിഞ്ഞുപ്രവർത്തിക്കും. അനിഷ്ടമായിട്ടുള്ളതിനെ നിവാരണംചെയ്യും. പക്ഷെ, ശരീരസ്ഥിതിയെക്കുറിച്ചോ മറ്റോ രാമകിശോരനോടു വല്ലതും ചോദിച്ചറിയണമെങ്കിൽ ആയതു് പോറ്റമ്മയോടു സ്വകാര്യമായി പറഞ്ഞു ചോദിപ്പിക്കുകയല്ലാതെ, താൻ ചോദിച്ചുവെന്നോ, ചോദിപ്പിച്ചുവെന്നോ രാമകിശോരനറിവാൻ സംഗതി വെക്കുകയുമില്ല.

ഇങ്ങനെ വർദ്ധിച്ചിരിക്കുന്ന സ്നേഹത്തിനു പുറമെ കുന്ദലതയുടെ ഹൃദയത്തിന്നു സഹജമായിട്ടുള്ളതും, രാമകിശോരന്റെ ആ ദൈന്യാവസ്ഥയിൽ വെളിപ്പെടുത്തപ്പെട്ടതുമായ കരുണരസവും ബലമായി ഉണ്ടായിരുന്നു. സ്നേഹത്തെ പ്രബലപ്പെടുത്തുവാൻ ഇത്ര നന്നായിട്ടു് കരുണയെപ്പോലെ മാറ്റൊന്നുംതന്നെയില്ലല്ലൊ. വഹ്നി മാരുതനെക്കൊണ്ടു് എന്നപോലെ കാരുണ്യത്തോടു് സമ്മിശ്രമായിരിക്കുന്ന കുന്ദലതയുടെ സ്നേഹം വളരെ മുഴുത്തു വശമായി.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/60&oldid=163065" എന്ന താളിൽനിന്ന് ശേഖരിച്ചത്