താൾ:Kundalatha.djvu/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേദനയുടെ വർദ്ധന നിന്നതിന്റെ ശേഷമാണ് രാമകിശോരൻ തന്റെ അവസ്ഥയെക്കുറിച്ചു വിചാരിപ്പാൻ തുടങ്ങിയതു്.താൻ വീണതും യോഗീശ്വരൻ പിടിച്ചു എഴുനേല്പിചതും മാത്രമേ തനിക്ക് ഓർമയുള്ളു.പിന്നെ പ്രജ്ഞയുണ്ടാകുന്നവരെ ഉണ്ടായതത്രയും വിവരമായി യോഗീശ്വരൻ പറഞ്ഞറിഞ്ഞു അപ്പോൾ രാമകിശോരൻ കൃതജ്ഞതയോടുകൂടി യോഗീശ്വരന്റെ നന്മയെ സ്മരിച്ചു. അധികം താമസിയാതെ, കുന്ദലത തനിക്കു വേണ്ടി ചെയ്യുന്നതോക്കെയും കണ്ടറിഞ്ഞപ്പോൾ, രാമകിശോരന്നു് അവളെക്കുറിച്ചുണ്ടായ വിചാരങ്ങൾ പറയുന്നതിനേക്കാൾ വിചാരിച്ചറിയുകയാണ് എളുപ്പം.'ഈശ്വരാ! ഈ ഭാഗ്യം അനുഭവിപ്പാൻതക്കവണ്ണം ഞാൻ എന്തോരു സുകൃതംചെയ്തു! ഭഗ്യശാലിനിയായിരിക്കുന്ന ഈ സ്ത്രീ എന്നെ ഇത്ര താല്പര്യത്തോടുകൂടീ പരിചരിക്കുവാൻ തക്കവണ്ണം ഞാൻ ഇവൾക്കുവേണ്ടി എന്തോന്നു ചെയ്തു! ഇത്ര കാരുണ്യം ഇവൾഎന്റെ നേരെകാണിച്ചതിന്ന് എന്റെ കൃതജ്ഞതാസൂചകമായിട്ട് എന്തോന്നു ചെയ്യേണ്ടു?അതുവരെയായിട്ടും ഇവളുടെ ഈകാരുണ്യം ഞാൻ അറിയുന്നുണ്ടെങ്കിലും ഇവളെ ബോധിപ്പിച്ചിട്ടില്ലല്ലോ. ഗുരുപത്രിയാകയാലും അവളുടെ അധികമായ മന്ദാക്ഷത ഹേതുവായിട്ടും എനിക്ക് അങ്ങോട്ടു കടന്നു സംസാരിപ്പാൻ മടിയുണ്ടു്.ഏതെങ്കിലും ഈ അവസ്ഥയിൽ എന്റെ പ്രസാദപിശൂനങ്ങളായ ചില വാക്കുകളെ പറയുകയെങ്കിലും ചെയ്തിട്ടില്ലെങ്കിൽ ഞാൻ ഒരു മഹാപാപിയായിരിക്കും'എന്നിങ്ങനെ വിചാരിച്ചു് ഒരു ദിവസം ഭക്ഷണം കഴിഞ്ഞ ഉടനെ രാമകിശോരൻ വേറെ ആരും ഇല്ലാത്ത സമയം നോക്കി കുന്ദലതയോട് ഇപ്രകാരം പറഞ്ഞു:

രാമകിശോരൻ:എന്റെ ദീനം രണ്ടു ദിവസമായി ആശ്വാസം തന്നെയാണ്. എന്റെ പുണ്യാപൂരം പറഞ്ഞാൽ തീരുന്നതല്ല.ഇത്ര സുകൃതിനിയായിരിക്കുന്ന ഭവതി എന്റെ ഈഅവശസ്ഥിതിയിൽ എന്നോടു കാണിച്ച ദയഹേതുവായിട്ടു് എനിക്കുണ്ടായ സന്തോഷംതന്നെയാണ്,ഇത്ര വേഗത്തിൽ എന്റെ ദീനം ആശ്വാസമാക്കിയത്. ഇതിന്നു് ശതാംശമായിട്ടെങ്കിലും ഒരു പ്രത്യുപകാരം ചെയ് വാനായി എന്നെക്കൊണ്ട് കഴിയേണമേ എന്നു ഞാൻ ദൈവത്തെ പ്രാർത്ഥിക്കുന്നു.

കുന്ദലത,രാമകിശോരൻ പറവാൻ തുടങ്ങിയപ്പോൾ തന്നോടാവുകയില്ലല്ലോ, എന്നുവിചാരിച്ചു, വേറെ ആരെങ്കിലും സമീപം ഉണ്ടോ എന്നു നാലു പുറത്തേക്കും ഒന്നു നോക്കി;പിന്നെ തന്നോടു തന്നെയാണെന്നറിഞ്ഞപ്പോൾ, നാണംകൊണ്ടു വേഗത്തിൽ തല താഴ്ത്തിനിന്നു. അപ്പോൾ ക്ഷണനേരംകൊണ്ടു പല വിചാരങ്ങളും തന്റെ മനസ്സിൽക്കൂടി ഓടുകയാൽ ഹൃദയം ഊക്കോടുകൂടി മിടിക്കുന്നത് തനിക്കുതന്നെ കേൾക്കുമാറായി. ഒരു ദീർഘനിശ്വാസം അയച്ചു.ഒന്നും ഉത്തരം പറവാൻ കഴിഞ്ഞതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/62&oldid=163067" എന്ന താളിൽനിന്ന് ശേഖരിച്ചത്