താൾ:Kundalatha.djvu/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഔദാര്യവും ഉള്ളതാണന്നു തോന്നും. രാജാവും രാജ്ഞിയും അരചനെ നല്ലവണ്ണം നോക്കി വിസ്മയം പുണ്ടൂ. രാജ്ഞി, 'ഇവരുടെ സ്ത്രീകളും ചിലരു വന്നിട്ടുണ്ടെന്നു തോന്നുന്നു, ആ നിൽക്കുന്നവർ ആരാണെന്നു് ' യുവരാജാവിനോടായിട്ടു ചോദിച്ചു. അരചൻ അതു കേട്ടു് , ' എന്റെ പൊന്നുതമ്പുരാട്ടി! അതു് എന്റെ വേടത്തിയും കുട്ടികളുമാണു് എന്നു പറഞ്ഞു. രാജ്ഞി, ' അവരെ ഇങ്ങോട്ടു വരുത്തുവാൻ ആളെ അയയ്ക്കു ' എന്നു യുവരാജാവിനോടു് ആവശ്യപ്പെട്ടു. യുവരാജാവു് ' ദേവിക്കു തന്നെ ആളെ അയയ്ക്കരുതേ? ഈ കാണുന്ന അനവധി ജനങ്ങളും ഞാൻതന്നെയും ദേവിയുടെ ഹിതത്തെ ചെയ്യാൻ തയ്യാറായിട്ടുള്ളവരാണെന്നു് അറിവില്ലെ ? ' എന്നുത്തരം പറഞ്ഞു. രാജ്ഞീ, ഭർത്താവിന്റെ സ്നേഹപുരസ്സരമായ വാക്കിനാൽ ധൈര്യപ്പെട്ടു് അടുത്തു് നിന്നിരുന്ന ഒരു സചിവനെ വിളിച്ചു് കുറെ സങ്കോചത്തോടുകൂടി തന്റെ ആവശ്യം പറഞ്ഞു. അപ്പോഴെക്കു് ആ സചിവൻ വേഗത്തിൽ പോയി അവരെ കൂട്ടികൊണ്ടുവന്നു. രാജ്ഞി വളരെ കൗതുകത്തോടുകൂടി അവരെ കുറേ നേരം നോക്കിയ ശേഷം എഴുനീററു് അനുജ്ഞയ്ക്കു് അപേക്ഷിക്കും പോലെ ഭർത്താവിന്റെ മുഖത്തേക്കു് ഒന്നു നോക്കി. അരചന്റെ പത്നിയുടെ അടുക്കൽ ചെന്നു് അവളോടു് കുലശപ്രശ്നംചെയ്തു സംസാരിച്ചുതുടങ്ങി. പിന്നെ, കുട്ടികളുടെ കറുത്ത കുഞ്ഞിക്കൈയുകൾ പിടിച്ചു് ചിരിച്ചുകൊണ്ടു് അവരുടെ ആഭരണങ്ങളെയും മററും സൂക്ഷിച്ചുനോക്കി. കാണികളായ മഹാജനങ്ങൾ, അതു കണ്ടപ്പോൽ രാജ്ഞിയുടെ ഔദാര്യത്തേയും നന്മയെയും ദയയേയും കൂറിച്ചു് വളരെ പ്രശംസിച്ചു. അരചന്റെ അപ്പോഴത്തെ സന്തോഷം പറഞ്ഞാൽ തീരുന്നതല്ല. രാജ്ഞി അരചന്റെ ഭാര്യയോടും കുട്ടികളോടും സംസാരിച്ചു കൊണ്ടിരിക്കെ അരചൻ തിരുമുൽക്കാഴ്ചയ്ക്കുള്ള ദ്രവ്യങ്ങൾ എടുത്തു കൊണ്ടു വരുവാൻ തന്റെ കിങ്കരന്മാരോടു് ആംഗ്യം കാണിച്ചു. അപ്പോഴെക്കു വേടർ പലരുംകൂടി സാമാനങ്ങൾ ഒരോന്നായിതാങ്ങിപ്പിടിച്ചു് എടുത്തുകൊണ്ടുവന്നുതുടങ്ങി. ഒന്നാമതായിട്ടു വലിയ രണ്ടു് ആനക്കൊമ്പുകൾ യുവരാജാവിന്റെ തിരുമുമ്പാകെ വച്ചു. അചരൻ ' ഉണ്ണിത്തമ്പുരാനോടണഞ്ഞ കൊമ്പന്റെയാണിതു് ' എന്നു പറഞ്ഞു. യുവരാജാവു് ആ വിവരം രാജ്ഞിയെ അറിയിച്ചു. രാജ്ഞി , ' ജ്യേഷ്ഠനെ രക്ഷിച്ച വേടർ ഈ കൂട്ടത്തിൽ ഉണ്ടോ? ' എന്നു ചോദിച്ചു. അരചൻ അടുത്തുതന്നെയുണ്ടായിരുന്ന അവനെ വിളിച്ചു് ഉടനെ മുമ്പിൽ നിർത്തി. രാജ്ഞി കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു് തന്റെ വിരലിന്മേൽ ഉണ്ടായിരുന്ന അനർഘമായ ഒരു വൈരമോതിരം ഊരി അപ്പോൾത്തന്നെ അവനു് സമ്മാനിച്ചു. അപ്പോൾ അതു കണ്ടുനിന്നിരുന്ന മററു് വേടർ ഒക്കെയും സന്തോഷംകൊണ്ടു് ആർത്തു വിളിച്ചു. രാജാവും അവന്നു നല്ല ഒരു സമ്മാനം കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/47&oldid=163050" എന്ന താളിൽനിന്ന് ശേഖരിച്ചത്