താൾ:Kundalatha.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവിടെത്തന്നെ കാററുകൊണ്ടുംകൊണ്ടിരുന്നശേഷം എഴുനീറ്റ് നേരെ വടക്കോട്ടു ഒരു ചെറിയ ഊടുവഴിയിൽകൂടെ പോയി. വില്വാദ്രിയുടെ താഴ്‍വാരത്തിൽ ജനസഞ്ചാരമില്ലാത്ത ഒരേടത്തുകൂടി യാതൊരു ഭയമോ സംശയമോ കൂടാതെ ആ ദിക്കൊക്കേയും നല്ല പരിചയമുള്ളതുപോലെ നടന്നു. നാലു പുറത്തും അതിഘോരമായ വനം. ജനങ്ങളാരും നല്ല പകൽസമയത്തുകുടി ആ ദിക്കിലേക്ക് സ്മരിക്കയില്ല. വില്വാദ്രിയുടെ മുകളിൽ യക്ഷകിന്നരന്മാരുടെ വാസസ്ഥലമാണെന്നായിരുന്നു പൊതുജനങ്ങളുടെ വിശ്വാസം. വിജനതകൊണ്ടു് സ്വതേ ഭയങ്കരമായിരുന്ന ആ വനപ്രദേശം കൂടണയുവാൻ ശ്രമിക്കുന്ന പല പക്ഷികളുടെ ഉച്ചത്തിലുള്ള ക്രേങ്കാരങ്ങളാലും രാത്രി മാത്രം സ‍ഞ്ചരിക്കുന്ന മററു പല പക്ഷികളുടെയും ദുഷ്ടമൃഗങ്ങളുടെയും ഉത്സാഹസൂചകങ്ങളായ ബഹുവിധ അപശബ്ദങ്ങളാലും, അപ്പോൾ അധികം ഭയങ്കരമായിരുന്നു. ധൈര്യശാലികൾക്കുകൂടി അപ്പോൾ ആ പ്രദേശത്ത് സഞ്ചരിക്കുന്നതായാൽ എന്തെന്നില്ലാത്ത ഒരു ഭയം തോന്നാതിരിക്കയില്ല. യോഗീശ്വരനാകട്ടെ യാതൊരു കുലുക്കവും കൂടാതെ പെരുത്ത വങ്കാട്ടിൻ നടുവെ മലയുടെ മുകളിലേക്കു കയറിത്തുടങ്ങി. ഇടക്കിടെ തന്റെ വഴി തെറ്റിപ്പോകാതിരിപ്പാൻ ചിലവൃക്ഷങ്ങളേയോ പാറകളെയോ അടയാളം വച്ചിട്ടുള്ളതുമാത്രം നോക്കിക്കൊണ്ടു വേഗം കയറിച്ചെന്നപ്പോൾ, വഴിയിൽ വലിയ ഒരു പാറപ്പുറത്ത് കരിമ്പടംകൊണ്ടു ശരീരം മുഴുവൻ മൂടി ഒരു മനുഷ്യൻ ഇരിക്കുന്നതു കണ്ടു. സാധാരണ ഒരാളാണെങ്കിൽ ആ രൂപം കണ്ടാൽ പേടിക്കാതിരിക്കയില്ല. യോഗീശ്വരനെ കണ്ടപ്പോൾ ആ മനുഷ്യൻ എഴുനീറ്റ് അടുത്തു വന്നു വണങ്ങി: 'സ്വാമി ഇത്ര താമസിച്ചതുകൊണ്ടു ഞങ്ങൾ കുറേ ഭയപ്പെട്ടു' എന്നു പറഞ്ഞു. യോഗീശ്വരൻ, 'ഞാൻ വിചാരിച്ചതിൽ അല്പം അധികം വൈകിപ്പോയി. ആകട്ടെ,നീ വേഗം മുമ്പിൽ നടന്നോ' എന്നുത്തരം പറഞ്ഞു. രണ്ടുപേരും കൂടി വേഗത്തിൽ നടന്നു തുടങ്ങി. വൃക്ഷങ്ങളുടെ നിബിഡതകൊണ്ടും രാത്രിയായതിനാലും കാത്തുനിന്നിരുന്ന അവൻ ഒരു ചൂട്ടു കൊളുത്തി, ഏകദേശം ഒരു നാഴിക മേല്പോട്ടു കയറിയപ്പോഴേക്കു് ദൂരെ വേറൊരു വെളിച്ചം കാണുമാറായി. ആ വെളിച്ചത്തിന്റെനേരെ ഇവർ രണ്ടാളുകളും നടന്ന് താമസിയാതെ ഒരു പർണാശ്രമത്തിൽ എത്തി.

ആയതു യോഗീശ്വരന്റെ വാസസ്ഥലമാണ്. വലിയ വൃക്ഷങ്ങൾ അതിന്നു വളരെ അരികെ ഒന്നും ഇല്ല. തുറന്നു പരന്ന സ്ഥലം, ശീതളമായ കാറ്റ്, വിശേഷപരിമളമുള്ള അനവധി കുസുമങ്ങൾ ഭവനത്തിന്റെ മുൻഭാഗത്തുതന്നെ പൂത്തുനില്ക്കുന്നുണ്ടാകയാൽ മന്ദാനിലൻ വീശുന്ന ‍സമയം പരമാനന്ദം തന്നെ. യോഗീശ്വരന്റെകൂടെ വന്നവൻ അദ്ദേഹത്തിന്റെ ഭൃത്യനായിരുന്നു. രണ്ടുപേരും കൂടി ആശ്രമത്തിന്റെ പടിക്കൽ എത്തിയപ്പോഴേക്കു് കുറെ പ്രായംചെന്ന ഒരു സ്ത്രീ ഒരു കോലുവിളക്കുംകൊണ്ട് പുറത്തു വന്നു. യോഗീശ്വരൻ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/3&oldid=214220" എന്ന താളിൽനിന്ന് ശേഖരിച്ചത്