താൾ:Kundalatha.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെന്നു കയറിയ ഉടനെ 'കുന്ദലത എവിടെ?' എന്നു ചേദിച്ചു.' ഉറങ്ങുന്നു എന്ന് ആയവൾ ഉത്തരം പറഞ്ഞു. 'ഇത്ര നേരത്തെ ഉറക്കമായതു എന്തേ' എന്നു ചോദിച്ചപ്പോൾ 'പകലൊക്കെയും വളരെ അഹങ്കരിച്ചു ഓടിനടക്കുകയാൽ ക്ഷീണംകൊണ്ടു ഉറങ്ങുന്നതായിരിക്കണം' എന്നുത്തരം പറഞ്ഞു. 'ആകട്ടെ ഉറങ്ങട്ടെ' എന്നു പറഞ്ഞു യോഗീശ്വരൻ അകത്തേക്കു കടന്ന് തന്റെ ഉടുപ്പഴിച്ചുവച്ചു. അതിന്റെകൂടെ ജടയും താടിയുംകൂടി അഴിച്ചുവച്ചു. ആയവ കൃത്രിമമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. യോഗീശ്വരൻ പുറത്തേക്കു പോകുമ്പോൾ ആ ജടയും താടിയും വച്ചുകെട്ടുക പതിവായിരുന്നു .അതിന്റെ ആവശ്യം എന്തെന്നറിവാൻ പ്രയാസം. പക്ഷേ, സ്വകാരാച്ഛാദനത്തിനായിരിക്കാം.മഹാന്മാരുടെ അന്തർഗതം അറിവാൻ എളുതല്ലല്ലോ.

ഏതെങ്കിലും, വേഷം ഒക്കെയും അഴിച്ചുവച്ചപ്പോൾ മുഖത്തിനു വളരെ സൗമ്യത കൂടി. സ്വതേയുള്ള പകുതി നരച്ച താടിയും മീശയും കാണുമാറായി. മുഖത്തു പ്രായാധിക്യസൂചകങ്ങളായ ഒന്നു രണ്ടു ചുളികൾ ഉണ്ട്. ചുരുണ്ടു നീളം കുറഞ്ഞ തലമുടി വകഞ്ഞു പിൻഭാഗത്തേക്കു മാടിവച്ചു. ഉടുപ്പു്കോപ്പുകളും അതാതിന്റെ പാട്ടിൽ എടുത്തുവച്ച്, 'ആ- ആ-വൂ! കാലം! കാലം! എത്ര വേഗത്തിൽ പോകുന്നൂ കാലം! അത്ഭുതം' എന്നു പറഞ്ഞു് വളരെ വിചാരങ്ങൾ ആ ക്ഷണനേരം കൊണ്ട് തന്റെ മനസ്സിൽകൂടി പാ‍ഞ്ഞുപോയതുപോലെ ഒരു ദീർഘശ്വാസം അയച്ചു് മറ്റേ അകത്തിന്റെ വാതിൽ പതുക്കെ തുറന്നു കടന്നു.

ചുവരിന്മേൽ വളരെ മങ്ങികൊണ്ടു കത്തിയിരുന്ന വെളിച്ചം കുറച്ചുകൂടി പ്രകാശിപ്പിച്ച് കുറഞ്ഞൊരു പരിഭ്രമത്തോടുകൂടി അടുക്കെ ഒരു കട്ടിലിന്മേൽ കിടന്നുറങ്ങിയിരുന്ന ഒരു കുമാരിയെ അധികമായ പ്രേമമോടും ആനന്ദത്തോടുംകൂടി കുറച്ചുനേരം കുമ്പിട്ടുനോക്കി. അപ്പോൾ മനസ്സിൽ നിറഞ്ഞിരുന്ന വിചാരങ്ങൾ ജലരൂപേണ പുറപ്പെടുകയോ എന്നു തോന്നുംവണ്ണം രണ്ടുമൂന്ന് അശ്രുബിന്ദുക്കൾ യോഗീശ്വരന്റെ നേത്രങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ അറിവുകൂടാതെ ഉറങ്ങുന്ന കുമാരിയുടെ മാറിടത്തിൽ പൊടുന്നനെ വീണു. ഉടനെ ആ കുമാരി കണ്ണു മിഴിച്ച് അച്ഛാ! അച്ഛാ! എന്നു വിളിച്ച് എഴുനീറ്റിരുന്നു്, യോഗീശ്വരനെ ഗാഢമായി ആലിംഗനം ചെയ്തു. ഈ വ്യസനത്തിന് കാരണമെന്തെന്നു ചോദിക്കും വിധത്തിൽ അതിഖിന്നതയോടുകൂടി യോഗീശ്വരന്റെ മുഖത്തേക്കു നോക്കി. യോഗീശ്വരൻ, 'ഒട്ടും പരിഭ്രമിക്കേണ്ട, വിശേഷാൽ ഒന്നും ഇല്ല. ഞാൻ കുറച്ചുമുമ്പെ പുറത്തേക്കു പോയിരുന്നു, വരുവാൻ കുറേ വൈകിപ്പോയി. വന്ന ഉടനെ എന്റെ കുട്ടിക്കു തരക്കേടൊന്നും ഇല്ലല്ലോ എന്നറിവാൻ വേണ്ടി വന്നു നോക്കിയതാണു്. സുഖമായി ഉറങ്ങുന്നതുകണ്ടപ്പോൾ എനിക്കു സന്തോഷവും, കുട്ടിക്കു വല്ലതും വന്നുപോയാൽ എനിക്കുണ്ടാവുന്ന വ്യസനവുംകൂടി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/4&oldid=214221" എന്ന താളിൽനിന്ന് ശേഖരിച്ചത്