താൾ:Kundalatha.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ടായിരുന്നില്ല. ബ്രാഹ്മണൻ യോഗീശ്വരനെ കണ്ടപ്പോൾ വളരെ വിസ്മയിച്ചു എങ്കിലും യോഗീശ്വരൻ മൗനവ്രതക്കാരനായിരിക്കുമോ എന്നു ശങ്കിച്ച് ഒന്നും ചോദിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ യോഗീശ്വരൻതന്നെ സംഭാഷണം തുടങ്ങി:

യോഗീശ്വരൻ: അങ്ങുന്ന് ഏതു ദിക്കിൽനിന്നാണ് വരുന്നത്, എങ്ങോട്ടേക്കാണ് ഇപ്പോൾ പോകുന്നത്, എന്നറിവാൻ ആഗ്രഹിക്കുന്നു.

ബ്രാഹ്മണൻ: ഞാൻ അവന്തിരാജ്യത്തിൽ നിന്നാണ് ഇപ്പോൾ വരുന്നത്. കുറെക്കാലമായിട്ടു സഞ്ചാരംതന്നെയായിരുന്നു. ഇപ്പോൾ പോകുന്നത് ബദരീപട്ടണത്തിലേക്കാണ്. അങ്ങുന്നു ആരാണെന്ന് അറിഞ്ഞാൽകൊള്ളായിരുന്നു.

യോഗീശ്വരൻ: ഞാനും അങ്ങേപ്പോലെതന്നെ ഒരു സഞ്ചാരിയാണ്. എന്നാൽ ഈയിടെ കുറെക്കാലമായി ഒരു ദിക്കിൽ സ്ഥിരമായിട്ടാണ് താമസിച്ചുവരുന്നത് . അങ്ങേ കണ്ടപ്പോൾ വിശേഷവർത്തമാനങ്ങൾ വല്ലതും ഉണ്ടെങ്കിൽ അറിയാമല്ലോ എന്നുവിചാരിച്ച് ചോദിച്ചതാണ്. ചേദിരാജ്യത്തോ അതിനടുക്കയോ മറ്റോ വിശേഷവർത്തമാനങ്ങൾ വല്ലതും ഉണ്ടോയെന്നറിയാമോ? എനിക്കു കുറച്ചുകാലം കഴിഞ്ഞാൽ ആ ദിക്കുകളിലേക്ക് പോകണമെന്നുണ്ടായിരുന്നു.

ബ്രാഹ്മണൻ: അവന്തിരാജ്യത്തെ വലിയ രാജാവ് വാനപ്രസ്ഥത്തിനു പോയിരിക്കുന്നു എന്നറിയുന്നു. അദ്ദേഹത്തിന്റെ സീമന്തപുത്രന് അഭിഷേകമായിരുന്നു‍ ഞാനവിടെ ചെന്നപ്പോൾ. പിന്നെ വിശേഷാൽ- വിശേഷാൽ ഒന്നുമില്ലെന്നില്ല. കലിംഗ രാജാവിന്റെ പുത്രന്നു വിവാഹം ആലോചിക്കുന്നുണ്ടെന്നോ നിശ്ചയിച്ചിരിക്കുന്നുവെന്നോ ഒരു വർത്തമാനം കേൾക്കയുണ്ടായി.

യോഗീശ്വരൻ: നിശ്ചയിച്ചുകഴിഞ്ഞുവോ? എന്നാണെന്നു കേൾക്കയുണ്ടായോ?

ബ്രാഹ്മണൻ: അത് എനിക്കു രൂപമില്ല. ആ ദിക്കിൽ രാജകുമാരനും മന്ത്രികുമാരിയുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു എന്നൊരു കിംവദന്തിയുണ്ട്. ഞാൻ ഇങ്ങോട്ട് പോരുന്നതാകയാൽ സൂക്ഷ്മം അന്വേഷിപ്പാൻ എനിക്കു അത്ര താൽപ്പര്യം ഉണ്ടായുമില്ല.

യോഗീശ്വരൻ: വേറെ വിശേഷവർത്തമാനങ്ങൾ ഒന്നും ഇല്ലായിരിക്കും?

ബ്രാഹ്മണൻ: വേറെ ഒന്നും കേട്ട ഓർമ തോന്നുന്നില്ല.

ഇങ്ങനെ ബ്രാഹ്മണനും യോഗീശ്വരനും തമ്മിൽ കുറച്ചു നേരം കൂടി സംഭാഷണം ചെയ്തശേഷം ബ്രാഹ്മണൻ സ്നാനത്തിന്നായി യോഗീശ്വരനോട് യാത്ര പറഞ്ഞു പോയി, നേരം സന്ധ്യയുമായി. യോഗീശ്വരൻ ചിന്താപരനായിട്ടോ എന്നു തോന്നും. അല്പനേരം


"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/2&oldid=214219" എന്ന താളിൽനിന്ന് ശേഖരിച്ചത്