താൾ:Kundalatha.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


1. യോഗീശ്വരൻ


ണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത് വില്വാദ്രി എന്നൊരു മലയുടെ താഴ്‍വാരത്തിൽ ധർമ്മപുരി എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഈ കഥയുടെ കാലത്ത് രണ്ടോ നാലോ ബ്രാഹ്മണഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അധികം ജനങ്ങൾ ചക്കാലന്മാരായിരുന്നു. ധർമപുരിയിൽ നിന്ന് ഒരു കാതം ദൂരത്തു് ഒരു ചന്തയും ഉണ്ടായിരുന്നു. ആ ചന്തയിൽ എണ്ണ വിറ്റിട്ടായിരുന്നു അവരുടെ നിത്യവൃത്തി. ഒരു ദിവസത്തെ വഴി കിഴക്കോട്ടായി സാമാന്യം വലിയ ഒരു പട്ടണം ഉണ്ടായിരുന്നതിലേക്കു പോകുന്ന പെരുവഴി ധർമപുരിയുടെ സമീപത്തിൽക്കൂടിയായിരുന്നതിനാൽ ഒരു കുഗ്രാമമാണങ്കിലും അവിടെ ദിവസേന രണ്ടുനാലു വഴിപോക്കന്മാർ എവിടുന്നെങ്കിലും എത്തിക്കൂടുക പതിവായിരുന്നു.

ഒരു ദിവസം തിരിഞ്ഞു് പതിറ്റടി സമയമായപ്പോൾ ഒരു ബ്രാഹ്മണൻ വഴി നടന്നു ക്ഷീണിച്ച് ധർമപുരിയിൽ എത്തി. ദുർഗ്ഗാലയത്തിന്റെ മുമ്പിലുള്ള ആൽത്തറയിന്മേൽ വന്നിരുന്നു. അല്പനേരം കാറ്റുകൊണ്ടു ക്ഷീണം തീർന്നപ്പോഴേക്ക് വേറെ ഒരാൾകൂടി എത്തി. ആ ആളെ കണ്ടാൽ ഒരു യോഗീശ്വരനാണെന്നു തോന്നും. പീതാംബരം ചുറ്റിയിരിക്കുന്നു. വേറെ ഒരു വസ്ത്രം കൊണ്ട് ശരീരം നല്ലവണ്ണം മറയത്തക്കവിധം പുതച്ചിരുന്നതിനു പുറമെ ഒരു മാന്തോൽകൊണ്ട് ഇടത്തുഭാഗം മുഴുവനും മറയ്ക്കുകയുംചെയ്തിരിക്കുന്നു. കഴുത്തിൽകൂടി പുറത്തേക്ക് ഒരു ചെറിയ ഭാണ്ഡം തൂക്കീട്ടുണ്ട്. കൈയിൽ ഒരു ദണ്ഡും ഉണ്ട്. വലിയ ജടാഭാരം ശിരസ്സിന്റെ മുൻഭാഗത്ത് നിർത്തിക്കെട്ടിവച്ചിരിക്കുന്നു. താടി അതിനിബിഡമായി വളർന്നിട്ടുള്ളതിൽ അങ്ങുമിങ്ങും ദുർലഭമായി ഒന്നോ രണ്ടോ നരച്ച രോമവും കാണ്മാനുണ്ട്. ഉന്നതകായനായ അദ്ദേഹത്തിന്റെ ലക്ഷണയുക്തമായ മുഖവും വ്യുഢമായിരിക്കുന്ന ഉരസ്സം പീവരമായിരിക്കുന്നെ സ്കന്ധവും ഉജ്ജ്വലത്തുക്കളായിരിക്കുന്ന നേത്രങ്ങളും ശരീരത്തിന്റെ തേജസ്സും കണ്ടാൽ സാമാന്യനല്ലെന്ന് ഉടനെ തോന്നാതെയിരിക്കയില്ല. അങ്ങനെയിരിക്കുന്ന യോഗീശ്വരനും ആ ആൽത്തറയിന്മേൽത്തന്നെ വന്നിരുന്നു. ദുർഗ്ഗാലയത്തിലേക്കു ദർശനത്തിനു പോയിക്കൊണ്ടിരുന്ന ചിലരല്ലാതെ അവിടെ സമീപം വേറെ ആരും

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/1&oldid=133586" എന്ന താളിൽനിന്നു ശേഖരിച്ചത്