താൾ:Kundalatha.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചിരിക്കുന്നതു കേട്ടു. താരാനാഥന്റെ ചിരിയാണു്. അയാൾ വേഗത്തിൽ വില്ലുമായി അടുത്തുവന്നു് 'അങ്ങനെയാണു് ഏറെനേരം സ്വകാര്യം പറഞ്ഞാൽ. ഞാൻ പലഹാരം തരുവാനായി നിങ്ങളെ രണ്ടാളെയും എത്ര നേരമായി തിരയുന്നു; ഇനിയും സംസാരം മതിയാക്കാറായില്ലേ?' എന്നു ചോദിച്ചു.

രാജകുമാരൻ വിധം പകർന്നു കുറഞ്ഞാന്നു ദ്വേഷ്യപ്പെട്ടു് തന്റെ അനിഷ്ടത്തെ പ്രകാശിപ്പിച്ചു. സ്വർണമയിയും ഒന്നുംപറയാതെ നിന്നതിനാൽ ആ പ്രവൃത്തി തനിക്കും ഒട്ടും രസിച്ചില്ലെന്നു് താരാനാഥനെ മനസ്സിലാക്കി. താരാനാഥൻ, 'ഞാൻ കളിയായിട്ടു ചെയ്തതാണു്. ആ പക്ഷിയുടെ കഷ്ടകാലംകൊണ്ടോ ശരത്തിന്റെ ദുസ്സാമർത്ഥ്യംകൊണ്ടോ അതിന്റെ കഴുത്തിൽ പോയി തറച്ചതിന്നു ‍ഞാൻ എന്തുചെയ്യും? എന്റെ നേരെ ദ്വേഷ്യപ്പെട്ടാൽ ഞാൻ ഒട്ടും ബഹുമാനിക്കുകയും ഇല്ല' എന്നു് ഒട്ടും കൂസൽ കൂടാതെ രാജകുമാരന്റെ മുഖത്തു നോക്കിപറഞ്ഞു് ഉദ്യാനത്തിന്റെ മറ്റൊരു ഭാഗത്തേക്കു പോവുകയുംചെയ്തു.

രാജകുമാരൻ കുറേനേരം ഒന്നും സംസാരിക്കാതെ ഒരു സാലഭഞ്ജികപോലെനിന്നു. 'ദേവിയുടെ സോദരനായകയാൽ ഈ ദുർമര്യാദം സഹിക്കേണ്ടി വന്നു. നമ്മുടെ ശുഭകാര്യത്തിന് ഇത് ഒരു ദുർലക്ഷണമാണല്ലോ. കഷ്ടം! കഷ്ടം! ദൈവംതന്നെ ഇതിനു വിപരീതമാണെന്നുവരുമോ' എന്നു പറഞ്ഞു. സ്വർണമയി, തന്റെ സോദരനും രാജകുമാരനും തമ്മിൽ നിരൂപിക്കാതെ ഒരു വൈരസ്യം സംഭവിക്കുവാൻ സംഗതി വന്നതു വിചാരിച്ചു വ്യസനിച്ചു് നനുങ്ങനെ പൊടിഞ്ഞിരുന്ന കണ്ണുനീർ തുടച്ചുകൊണ്ടു് 'കുമാരാ ഇതു ദുർലക്ഷണമാണെന്നു വിചാരിച്ചു വ്യസനിക്കരുതു്. ആ വക ചപലതകൾ ഒക്കെയും അജ്ഞാനം കൊണ്ടുണ്ടാവുന്നതാണു്, സാരമില്ലെന്നു് എളയച്ഛൻ എനിക്കു ദുഷ്ടാന്തപ്പെടുത്തി തന്നിട്ടുണ്ടു്. ഞാൻ വ്യസനിക്കുന്നത് അതുകൊണ്ടല്ല' എന്നുത്തരം പറഞ്ഞു. രാജകുമാരൻ ‍'ഞാൻ താരാനാഥനോടു് ഭാവം പകർന്നു് പറകയാലായിരിക്കും അല്ലേ? അതു് എന്റെ തൽക്കാലമുണ്ടായ ദ്വേഷ്യം കൊണ്ടു ചെയ്തതാണു്. ഒട്ടും കുണ്ഠിതം തോന്നരുതു് . ഞാൻതന്നെ അയാളെ പറഞ്ഞു സമാധാനപ്പെടുത്തിക്കൊള്ളാം' എന്നു പറഞ്ഞു. ഇങ്ങനെ രണ്ടു പേരും പരസ്പരം സമാധാനപ്പെടുത്തി, സന്തോഷത്തോടുകൂടി ഗൃഹത്തിലേക്കു പോവുകയും ചെയ്തു.

താരാനാഥനാകട്ടെ വളരെ ഖിന്നനായി , ഗൃഹത്തിൽ ചെന്നു് മററവർ ആരും വന്നതിനു മുമ്പെ അത്താഴം കഴിച്ചു് ഒരു ചെറിയ അകത്തുചെന്നു വാതിൽ അടച്ചു വിചാരം തുടങ്ങി. താരാനാഥന്റെ അവസ്ഥയും കുറെ ദയനീയം തന്നെ. തനിക്കു കളിക്കുവാനും നേരംമ്പോക്കു പറയുവാനും മററും ആരുമില്ലാതായി. കൂട്ടത്തിൽ നിന്നു തള്ളിക്കളഞ്ഞാലുള്ളതു പോലെ മനസ്സിനു് ഒരു മാന്ദ്യം സംഭവിച്ചു. രാജകുമാരനും തന്റെ സോദരിയും തമ്മിലുള്ള രഞ്ജിപ്പും ലാളനയും

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/26&oldid=214312" എന്ന താളിൽനിന്ന് ശേഖരിച്ചത്