താൾ:Kundalatha.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരമാർത്ഥം മറ്റൊരു പ്രകാരമാണെങ്കിലും ജനങ്ങൾ അങ്ങന പറയാതിരിക്കയില്ല.

രാജകുമാരൻ: അഥവാ അങ്ങനെ പറയുന്നതായാൽത്തന്നെ എന്തു തരക്കേടാണുള്ളത്? നാം ചങ്ങാതിമാരാണെന്നു് എല്ലാവർക്കും അറിവില്ലെ, പണ്ടു് നാം പലപ്പോഴും ഒരുമിച്ചു പോവുകയും വരികയും ചെയ്തിട്ടും ഇല്ലെ?

സ്വർണമയി: ഒന്നും ഉണ്ടായിട്ടല്ല. പക്ഷേ, നമ്മുടെ സൂക്ഷ്മവൃത്താന്തം അധികം വേഗത്തിൽ പരസ്യമാവാനിടയുണ്ടു്. ഇപ്പോൾത്തന്നെ കുറെ സംസാരമായിരിക്കുന്നുപോൽ, നാം അറിയാത്തതു് കണക്കല്ല. എന്റെ ഒരു ദാസി എന്നോടു രണ്ടു ദിവസം മുമ്പ് ഇതിനെക്കുറിച്ചു സൂചിപ്പിച്ചു കുറച്ചൊന്നു പറയുകയുണ്ടായി

രാജകുമാരൻ: അവളപ്പോഴേക്കു് അതു് എങ്ങനെ അറിഞ്ഞു? ഈ വക വർത്തമാനങ്ങൾ അറിവാൻ പെണ്ണുങ്ങൾക്കു വളരെ സാമർത്ഥ്യമുണ്ട്.

സ്വർണ്ണമയി: ആണുങ്ങൾക്കു ഒട്ടും കുറവില്ല. രാജധാനിയിൽ നിന്നു ഇവിടുത്തെ കൂടെ വന്ന ഭൃത്യൻ ഇവിടെ പാർക്കുന്നവരോട് പ്രസ്താവിക്കുന്നതു കേട്ടിട്ടാണത്രേ അവൾ മനസ്സിലാക്കിയതു്.

രാജകുമാരൻ: ഒ! ഹോ! ഇത്ര പരസ്യമായോ? എന്നാൽ, ഇനി ഒട്ടും താമസ്സിക്കുകയല്ല നല്ലതു്. അച്ഛൻ ഇരിക്കുമ്പോൾ തന്നെ വിവാഹം കഴിയണമെന്നാണു് എന്റെ ആവശ്യം.

സ്വർണ്ണമയി: അങ്ങേടെ ഇഷ്ടം പോലെയാവാം.എന്നാൽ, 'എളയച്ഛനോടു് ആർ അറിയിക്കും? 'എന്നു പറഞ്ഞു് ലജ്ജയോടുകൂടി മുഖം താഴ്ത്തി.

രാജകുമാരൻ: ദേവി എന്തിനു നാണിക്കുന്നു? ഞാൻ തന്നെ അഘോരനാഥനോടു പറഞ്ഞു് സമ്മതം വാങ്ങി വരാമല്ലോ. ദേവി യാതൊന്നും അറിയേണ്ടതില്ല: അച്ഛന്റെ സമ്മതം കിട്ടുവാൻ മാത്രമേ മറ്റൊരാളെ അയക്കേണ്ട ആവശ്യമുള്ളു.

സ്വർണ്ണമയി: അതു ചോദിക്കേണ്ട താമസ്സമേയുള്ളു കിട്ടുവാൻ. എന്നെക്കുറിച്ചു് രാജാവിനു വളരെ വാത്സല്യമായിട്ടാണു്. അവിടത്തേക്കു ഇതു വളരെ സന്തോഷകരമായി തീരുകയും ചെയ്യും.

ഇങ്ങനെ രണ്ടാളുംകൂടി പറഞ്ഞു സന്തോഷിച്ചുകൊണ്ടിരിക്കെ മേൽഭാഗത്തു നിന്നവൃക്ഷങ്ങളുടെ ഇല പൊടുന്നനെ ഒച്ചപ്പെടുന്നത് കേട്ടു. കാരണമെന്തെന്നു നോക്കുന്നതിനു മുമ്പായി വലിയ ഒരു കാട്ടുകോഴി അവരുടെ വളരെ അടുക്കെ മുൻഭാഗത്തു വീണു. ഉടനെ ചിറകിട്ടു് ഒന്നുരണ്ടു തച്ചു് പിടച്ചു ചാവുകയുംചെയ്തു. നോക്കിയപ്പോൾ അതിന്റെ കഴുത്തിൽ ഒരു ശരം തറച്ചുനിൽക്കുന്നതു കണ്ടു്, ആ അപകടം പ്രവർത്തിച്ചതാരെന്നു് രാജകുമാരൻ ദേഷ്യത്തോടുകൂടി തിരിയുമ്പോൾ കുറെ ദൂരത്തുനിന്നു് ഹ,ഹ,ഹ! എന്നു പൊട്ടി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/25&oldid=214311" എന്ന താളിൽനിന്ന് ശേഖരിച്ചത്