താൾ:Kundalatha.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാണുമ്പോൾ തന്റെ സഹോദരിയുടെ ഭാഗ്യാവസ്ഥയെക്കുറിച്ചു സന്തോഷിക്കുമെങ്കിലും, തനിക്കു ലാളിക്കുവാനോ, തന്നെ ലാളിക്കുവാനോ, തന്റെ വിചാരങ്ങൾ തുറന്നു പറവാനോ ആരും ഇല്ലാതിരുന്നതിനാലുള്ള വിഷാദം വെളിച്ചത്തെ അശ്രയിച്ചു നില്ക്കുന്ന നിഴൽ പോലെ ആ സന്തോഷത്തോടു വേർപെടാതെയുണ്ടായിരുന്നു. മേല്പറഞ്ഞ പ്രകാരം രാജകുമാരൻ പണ്ടുണ്ടാവാത്തവിധം അല്പം ദുർമുഖം ഭാവിക്കുക ഹേതുവാൽ താരാനാഥനു് തന്റെ സ്ഥിതി യഥാർത്ഥമായിട്ടുള്ളതിൽ തുലോം അധികം ശോചനീയമായി തോന്നി. ഏറ്റവും അഭിമാനിയാകയാൽ, കുണ്ഠിതത്തിനു് അല്പം വല്ലതും കാരണമുണ്ടായാൽ, അതിനെക്കുറിച്ചു് അധികമായി വിചാരിച്ചു ക്ലേശിക്കുന്നത് താരാനാഥന്റെ സ്വഭാവമായിരുന്നു.

രാജകുമാരനും സ്വർണമയിയുംകൂടി അഘോരനാഥന്റെ ഒരുമിച്ചു് അത്താഴത്തിനു ചെന്നിരുന്നു. താരാനാഥനെ കാണാഞ്ഞപ്പോൾ സ്വർണമയി വളെരെ അർത്ഥത്തോടുകൂടി രാജകുമാരന്റെ മുഖത്തേക്കു് ഒന്നു നോക്കി. താരാനാഥന്റെ സ്വഭാവം നല്ലവണ്ണം പരിചയമുള്ളതാകയാൽ രാജകുമാരനു് സ്വർണമയിയുടെ നോക്കിന്റെ താല്പര്യം മനസ്സിലായി. സുഖക്കേടുക്കൊണ്ടു തല താഴ്ത്തി. അത്താഴം കഴിഞ്ഞു് അഘോരനാഥനും രാജകുമാരനുംകൂടി അഘോരനാഥന്റെ അകത്തേക്കും സ്വർണമയിയും അഘോരനാഥന്റെ ഭാര്യയുംകൂടി അവരുടെ പതിവുപോലെയുള്ള സ്ഥലത്തേക്കും കിടക്കുവാൻ പോയി. താരാനാഥൻ നേരത്തെ അത്താഴം കഴിച്ചു് ഉറക്കമായി എന്നു് അടുക്കളക്കാരൻ പറകയാൽ അയാളെക്കുറിച്ചു് അഘോരനാഥൻ അധികമായി അന്വേഷിക്കയും ഉണ്ടായില്ല.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/27&oldid=214313" എന്ന താളിൽനിന്ന് ശേഖരിച്ചത്