താൾ:Kundalatha.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാംക്ഷിക്കുക? അതുകൊണ്ട് ഇപ്പോൾ സ്വാമിക്കു ഞങ്ങളുടെ മേലുള്ള പ്രീതി മേൽക്കുമേൽ വർദ്ധിച്ചിരിക്കത്തക്കവണ്ണം ഓരോ ക്രിയകൾ ഞങ്ങളെക്കൊണ്ടു മേലാലും ഞങ്ങളുടെ ദേഹപദനാവധി വരേയ്ക്കും ചെയുവാൻ സംഗതി വരുമാറാകട്ടെ എന്നാണു ഞങ്ങൾ ഈശ്വരനെ പ്രാർത്ഥിക്കുന്നത്.

പ്രതാപചന്ദ്രൻ: അച്ഛാ! താരാനാഥന്റെ പരാക്രമവും അല്പമല്ല. താരാനാഥൻ ഒരിക്കൽ കുന്തളേശനെ അയാളുടെ സൈന്യത്തിൽ നിന്നു വേർതിരിച്ച് ഒറ്റപ്പെടുത്തി ഭയങ്കരനായിരിക്കുന്ന അയാളെകൂടി ഒന്നു ഭയപ്പെടുത്തി, പിന്നെ എന്റെ കുതിരയ്ക്കു വെട്ടുകൊണ്ടു ഞാൻ താഴത്തു വീണ തക്കത്തിലാണ് കുന്തളേശൻ താരാനാഥന്റെ മുമ്പിൽ നിന്നു ഒഴിച്ചത്.

അഘോരനാഥൻ: അത് താരാനാഥൻ ചെയ്തതു കുറെ സാഹസമായിപ്പോയി. ആ യവനൻ താരാനാഥനാണെന്നും ഞാൻ അപ്പോൾ അറിഞ്ഞിരുന്നുവെങ്കിൽ അവനെ അതിന്നു സമ്മതിക്കുകയില്ലായിരുന്നു.

രാജാവ്:അച്ഛന്റെ ഗുണങ്ങൾ മക്കളിൽ പ്രതിബിംബിക്കുന്നത് അത്ഭുതമല്ലല്ലോ താരാനാഥനെ ഇന്നുമുതൽ നമ്മുടെ പ്രധാന സേനാപധിയായി നിശ്ചയിച്ചിരിക്കുന്നു.

മഹാരാജാവിന്റെ ആ കല്പന എല്ലാവർക്കും വളരെ സന്തോഷകരമായി. കപിലനാഥനും അഘോരനാഥനും തങ്ങൾക്ക് താരാനാഥന്റെ പ്രായത്തിൽ ആ വിധം വലിയ സ്ഥാനമാനങ്ങൾ കിട്ടുവാനിടവന്നിട്ടില്ലെന്നും പറഞ്ഞ് അനുമോദത്തോടുകൂടി താരാനാഥനെ ആശ്ലേഷം ചെയ്തു. മറ്റേവർ വേറെ പ്രകാരത്തിൽ തങ്ങളുടെ സന്തോഷത്തെ കാണിക്കുകയും പറയുകയുംചെയ്തു.

അതിന്റെശേഷം കപിലനാഥൻ യുദ്ധമുണ്ടാവുമെന്ന് അറിഞ്ഞ ഉടനെ, തന്റെ വനഭവനത്തെ ശൂന്യമാക്കി വിട്ടേച്ച് എല്ലാവരും കൂടി വേഗേന, പുറപ്പെട്ടുപോന്നതും, ധർമപുരിയിൽ എത്തി ഒരു വാഹനം സമ്പാദിച്ചതും, വഴിയിൽ ഓരോ താവളങ്ങളിൽ അല്പാല്പം താമസിച്ചു യുദ്ധം തുടങ്ങുന്നതിന്റെ തലേ ദിവസം രാജധാനിയുടെ വടക്കുഭാഗത്ത് ഒരു വഴിമ്പലത്തിൽ എല്ലാവരുംകൂടി അന്നേത്തെ രാത്രി അവിടെ കഴിച്ചതും, പുലർച്ചെ രാമദാസനെയും താരാനാഥനെയും ഏല്പിച്ച് കുന്ദലതയേയും പാർവതിയേയും, മററും വിവരമായി പറഞ്ഞു.

താരാനാഥൻ താനും രാമദാസനും കൂടി സൈകതപുരിയിൽ രാമദാസന്റെ വീട്ടിലെത്തി കുന്ദലതയെയും പാർവതിയേയും ഒരു അകത്തു കൊണ്ടുപോയിരുത്തിയതും, രാമദാസനെ കണ്ടറിഞ്ഞപ്പോൾ അവന്റെ അമ്മയ്ക്കും പെങ്ങൾക്കും ഉണ്ടായ സന്തോഷവും, പിന്നെ തങ്ങൾ കപിലനാഥന്റെ ഒരുമിച്ചുകൂടി യവനവേഷം ധരിച്ചതും മററും വിസ്തരിച്ചു പറഞ്ഞു.

കുന്ദലതയും ഒന്നും പറഞ്ഞില്ലെന്നില്ല. തനിക്ക് രാമദാസന്റെ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/122&oldid=163005" എന്ന താളിൽനിന്ന് ശേഖരിച്ചത്