താൾ:Kundalatha.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ തന്നെ തിര‍ഞ്ഞെടുത്തു കൊടുത്തു. വേണ്ടുന്ന ആയുധങ്ങളെയും ഞങ്ങൾ എടുത്തുക്കൊണ്ടുപോരികയുംചെയ്തു. ഇതു് അഘോരനാഥൻ ചെയ്തിട്ടില്ലെങ്കിൽ ഞങ്ങൾ പോർക്കളത്തിൽ ചെയ്തതിന്റെ പകുതിപോലും ഞങ്ങളെക്കൊണ്ടു ചെയ്യാൻ കഴികയില്ലായിരുന്നു.

പ്രതാപചന്ദ്രൻ: നമ്മുടെ കപിലനാഥന്റെ വെണ്മഴുവിനാൽ എത്ര വീരന്മാരാണു് നശിച്ചതെന്നും പറയുവാൻ പ്രയാസം. ഇദ്ദേഹം പോർക്കളത്തിൽ ചെയ്ത പരാക്രമം കണ്ടിരുന്നാൽ ഇദ്ദേഹത്തിന്നു് ഇത്ര പ്രായമായി എന്നു് ഒരിക്കലും തോന്നുകയില്ല. ചണ്ഡപ്രതാപനായ കുന്തളനെ കീഴടങ്ങുവാൻ താരാനാഥനും, വേടർക്കരചനും ഞാനുംകൂടി അധികനേരം ശ്രമിച്ചു. അയാളുടെ ബാഹുബലംകൊണ്ടും ശിക്ഷാവൈഭവത്താലും ഞങ്ങൾക്കു സാധിച്ചില്ല. പിന്നെ കപിലനാഥനെ, മൂർത്തീകരിച്ചിരിക്കുന്ന മൃത്യുവിനെപ്പോലെ പുരോഭാഗത്തിങ്കൽ കണ്ടപ്പോഴാണു് അയാളുടെ അതിദുസ്സഹമായ ഗർവം ശമിച്ചു തല താണതു്.

രാജാവു്: ഉണ്ണി! പുരുഷശിരോമണികളായ ഈ രണ്ടു സോദരന്മാർ നമ്മുടെ സചിവന്മാരാവാൻ സംഗതി വന്നതാണു് നമ്മുടെ വലിയഭാഗ്യം. നമ്മുടെ രാജ്യം ഇങ്ങനെ ഐശ്വര്യവതിയായി നിൽക്കുന്നതും, പ്രബലന്മാരായ ശത്രുക്കളുടെ ദുർമോഹം നമ്മോടു ഫലിക്കാത്തതും, നമ്മുടെ കുലമഹിമ ഉജ്ജ്വലിക്കുന്നതും ഈ രണ്ടു സോദരന്മാരുടെ ബുദ്ധികൗശലംകൊണ്ടാണു്. നമ്മുടെ രാജ്യത്തിൽ പുഷ്ടി വർദ്ധിച്ചതും ഇവരുടെ ദാക്ഷണ്യംകൊണ്ടു്--നമ്മുടെ പ്രജകളുടെ ആർത്തി അസ്തമിച്ചതും ഇവരുടെ ഉത്സാഹംകൊണ്ടു്--നമ്മുടെ കീർത്തി വിസ്തരിച്ചതും, ഇവരുടെ ഓജസ്സുകൊണ്ടു്--ഇവർ നമമുടെ രാജ്യമാകുന്ന ഗൃഹത്തിൽ രണ്ടു പ്രധാന ദീപങ്ങൾ--ഇവർ നമ്മുടെ രാജലക്ഷ്മിയുടെ അധിഷ്ഠാനമണ്ഡപങ്ങൾ--ഇവർ നമ്മുടെ പ്രതാപനലന്റെ ബാഹുയുഗളങ്ങൾ. നാം എന്തുതന്നെ ചെയ്താലും ഇവർ നമുക്കു ചെയ്തതിന്നു് ഒരു തക്കതായ പ്രതിഫലമാവുകയില്ല.

കപിലനാഥൻ: സ്വാമിക്കു് ഞങ്ങളെക്കുറിച്ചുള്ള കൃപതന്നെയാണു് ഈ വാഗ്‌ദ്ധോരണിക്കു കാരണം. ഇവിടുത്തെ പിതാവ് ഞങ്ങളെ ബാല്യകാലത്തു വിദ്യാഭ്യാസംചെയ്യിച്ചു സന്മാർഗങ്ങളി‍ൽ കൂടിത്തന്നെ നടത്തി വളരെ നിഷ്‌കർഷയോടുകൂടി വളർത്തുകയാൽ ഇപ്പോൾ ഞങ്ങൾ ഇവിടുത്തേക്കു് ഉപകാരമായിത്തീർന്നുവെങ്കിൽ ഇവിടുത്തെ പിതാവിന്റെ പ്രയത്നം വളരെ നിഷ്‌ഫലമായില്ല എന്നല്ലാതെ എന്താണു പറവാനുള്ളതു്? ഞങ്ങൾ ഉത്തമ സചിവന്മാർ ചെയ്യേണ്ടതിനെ ചെയ്‌വാൻ ഞങ്ങളാൽ കഴിയുന്നേടത്തോളം ശ്രമിച്ചിട്ടുണ്ടു്. അതിന്നു ഞങ്ങളുടെ സ്വാമിയായ ഇവിടുത്തെ പ്രീതിയും ഞങ്ങളുടെ മനസ്സാക്ഷിക്കുണ്ടാകുന്ന സമാധാനവുമല്ലാതെ എന്തൊരു പ്രതിഫലമാണു ഞങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/121&oldid=163004" എന്ന താളിൽനിന്ന് ശേഖരിച്ചത്