ഇദ്ദേഹം തന്നെയാണ് ഇവിടുത്തെ ശത്രുക്കളിൽനിന്ന് വീണ്ടത്. വിഷേശിച്ച്-
രാജാവു്: വിഷേശിച്ച് എന്താ?
അഘോരനാഥൻ: വിശേഷിച്ച് ഇദ്ദേഹം വളരെക്കാലം ഇവിടത്തെ പ്രധാനമന്ത്രിയായിരുന്ന കപിലനാഥനാണു്. എന്റെ ജ്യേഷ്ഠനാണു്.
കപിലനാഥന്റെ സൂഷ്മാവസ്ഥയെ ഇപ്രകാരം വെളിപ്പെടുത്തിയപ്പോൾ അവിടെ കൂടീട്ടുണ്ടായിരുന്നവരുടെ ആശ്ചര്യം വാക്കുകളെകൊണ്ടു് വർണിക്കുവാൻ പ്രയാസം. അവരിൽ നിന്ന് ആശ്ചര്യസൂചകങ്ങളായ പല ശബ്ദങ്ങളും വാക്കുകളും പെട്ടെന്നു് അവരുടെ അറിവുകൂടാതെ പുറപ്പെട്ടു. 'എന്റെ അച്ഛനോ!' എന്നു പറഞ്ഞ് സ്വർണമയീദേവി പിതൃസ്നേഹംകൊണ്ടു വിവശയായി കപിലനാഥനെ കെട്ടിപ്പിടിച്ചു. അദ്ദേഹം ഉടനെ തന്റെ പുത്രിയെ മുറുകെത്തഴുകി ഹർഷാശ്രുക്കളോടുകൂടി മൂർദ്ധാവിൽ പല പ്രാവശ്യം ചുംബിച്ചു.
രാജാവ് 'കപിലനാഥൻ' എന്ന ശബ്ദം കേട്ടപ്പോൾ അസാരം നേരം നിശ്ചേഷ്ടനായി ഇരുന്നു. പിന്നെ ഹർഷാശ്രുപ്ളുതനായി രോമാഞ്ചത്തോടുകൂടി 'ഈശ്വരാ! എന്റെ ഈ അവസ്ഥ ജാഗ്രത്തോ, സ്വപ്നമോ? സ്വപ്നമാവാനേ സംഗതിയുള്ളു' എന്നു ഗൽഗദാക്ഷരമായി പറഞ്ഞു് ആസനത്തിന്മേൽനിന്നു് എഴുനീറ്റു വേപിതാംഗനായികൊണ്ടു തന്റെ മുമ്പിൽ സാഞ്ജലിയായി നിൽക്കുന്ന കപിലനാഥനെ ഗാഢമായി ആശ്ളേഷംചെയ്തു: 'ഉണ്ണീ' എന്നു് പ്രതാപചന്ദ്രനെ വിളിച്ചു്, 'ഉണ്ണിയെ വളരെ ചെറുപ്പത്തിൽ വിദ്യാഭ്യാസം ചെയ്യിപ്പിച്ച ഗുരുനാഥനാണിത്! വന്ദിക്കൂ!' എന്നു പറഞ്ഞ ഉടനെ പ്രതാപചന്ദ്രൻ അദ്ദേഹത്തിന്റെ അടുക്കെ ചെന്നു വന്ദിച്ചു. പ്രതാപചന്ദ്രനേയും കപിലനാഥൻ ആശ്ളേഷിച്ചു. അടുത്തു നിന്നിരുന്ന സ്വർണമയിയേയും മാറത്തേക്കണച്ചുകൊണ്ടു് തന്റെ ആനന്ദബാഷ്പത്താൽ രണ്ടുപേരെയും പുതുതായി അഭിഷേകംചെയ്കയുംചെയ്തു.
രാജാവു്: (കണ്ണുനീർ തുടച്ചുകൊണ്ടു്) ഈ മഹാപാപിയായ എന്നെ രണ്ടാമതും കാണേണമെന്നു് തോന്നിയത് കപിലനാഥന്റെ ബുദ്ധിഗുണംകൊണ്ടുതന്നെയാണു്. എന്റെ അല്പബുദ്ധികൊണ്ടു് അങ്ങേയ്ക്ക് അനിഷ്ടമായി ഞാൻ പറഞ്ഞതും പ്രവർത്തിച്ചതും സകലവും ക്ഷമിക്കണം എന്നു മാത്രം ഈ വൃദ്ധന്നു് ഒരു അപേക്ഷയുണ്ടു്.
കപിലനാഥൻ: എന്റെ സ്വാമിയുടെ ആജ്ഞ ഇഷ്ടമെങ്കിലും, കഷ്ടമെങ്കിലും, അതിനെ ലംഘിച്ചു രാജ്യത്തെയും സ്വാമിയെയും വെടിഞ്ഞുപോവാൻ തോന്നിയത് എന്റെ അവിവേകം കൊണ്ടാണു്. അതിനെക്കുറിച്ച് ഇവിടുത്തേക്കു് എന്റെമേൽ ഇനിയെങ്കിലും സുഖക്കേടു് തോന്നാതിരിപ്പാൻ യാചിക്കുന്നു.
രാജാവു്: ദുഷ്ടന്മാരായ ചില സചിവന്മാരുടെ ഉപദേശത്തിന്മേൽ