ക്കാത്തവണ്ണം അസ്തമിക്കുന്നതായിരുന്നുവെന്നു് നിർവ്യാജം പറയാം.
രാജാവു്: ആർത്തത്രാണപരായണനായിരിക്കുന്ന ഈശ്വരൻതന്നെ അശരണന്മാരായ നമ്മുടെ സഹായത്തിനു് അവരെ അയച്ചുതന്നിരിക്കയോ! ഇത്ര യോഗ്യന്മാരായ അവരെ എനിക്കു വേഗത്തിൽ കാണേണം. അവർ എവിടെയാണു്?
പ്രതാപചന്ദ്രൻ: അവർ ഈ മന്ദിരത്തിൽത്തന്നെയുണ്ടു്. അഘോരനാഥനോടു സംസാരിച്ചുകൊണ്ടിരിക്കയാണു്. അദ്ദേഹം ആ യവനന്മാരെ എവിടുന്നോ, സഹായത്തിനു ക്ഷണിച്ചുവരുത്തിയിരിക്കയാണു്.
രാജാവു്: 'അവരെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരട്ടെ' എന്നരുളിച്ചെയ്തു ഉടനെ, അവരെ വിളിച്ചുകൊണ്ടു വരുവാൻ ആൾ പോയി. അല്പനേരം ഇരുന്നപ്പോഴേക്കു് അഘോരനാഥൻ രാജാവിന്റെ മുമ്പാകെ വന്നു കൂപ്പി. 'ഇവിടുത്തെ ഭാഗ്യാതിരേകംകൊണ്ടു് ഈ വിധം ഒക്കെയും കലാശിച്ചു' എന്നുണർത്തിച്ചു.
രാജാവു്: സംശയമില്ല, എന്റെ ഭാഗ്യംതന്നെയാണു്, എനിക്കു് ഇത്ര യോഗ്യനായ ഒരു മന്ത്രിയുണ്ടാവാൻ സംഗതിവന്നതു്.
അഘോരനാഥൻ: (മന്ദസ്മിതത്തോടുകൂടി) എന്നെക്കുറിച്ചാണു് ഇവിടുന്നു് അരുളിചെയ്യുന്നതു് എങ്കിൽ എന്നെക്കൊണ്ടു വിശേഷവിധിയായി ഒന്നും ചെയ്‌വാൻ കഴിഞ്ഞിട്ടില്ലെന്നു്, പോർക്കളത്തിൽത്തന്നെയുണ്ടായിരുന്ന ഇവരോടു ചോദിച്ചാൽ അറിയാം. സകലവും മൂന്നു യവനന്മാരുടെ പ്രയത്നത്താലാണു സാദ്ധ്യമായതു്.
പ്രതാപചന്ദ്രൻ: അവരെക്കുറിച്ചുതന്നെയാണു് ഞങ്ങളും ഇതുവരെ അച്ഛനോടു പറഞ്ഞിരുന്നതു്.
രാജാവു്: അവരെ വേഗത്തിൽ ഇങ്ങോട്ടു കൂട്ടികൊണ്ടുവരിക. എനിക്കു ക്ഷമയില്ലാതായി. അവരെ ഞാൻ കാണട്ടെ.
അഘോരനാഥൻ ഉടനെ മറേറ അകത്തേക്കു കടന്നു്, തന്നെപ്പോലെത്തന്നെ വേഷമായ ഒരാളെ കൂട്ടികൊണ്ടുവന്നു് രാജാവിന്റെ മുമ്പാകെ നിർത്തി. 'ഇന്നു രാവിലെ ഇവിടുത്തെ ശത്രുക്കളുടെ പക്കൽ നിന്നും വീണ്ടുകൊണ്ട ആൾ ഇദ്ദേഹമാണു് ' എന്നു പറഞ്ഞു അപ്പോൾത്തന്നെ അദ്ദേഹം രാജാവിനെ വളരെ വിനയത്തോടുകൂടി തൊഴുതു കുമ്പിട്ടു. അവിടെ ഉണ്ടായിരുന്നവർ എല്ലാവരും അതിവിസ്മയത്തോടുകൂടി തേജോമയനായ അദ്ദേഹത്തെത്തന്നെ ജമച്ച മിഴികൂടാതെ നോക്കിത്തുടങ്ങി.
രാജാവു്: അവർ യവനന്മാരാണെന്നല്ലേ ഉണ്ണി പറഞ്ഞതു്. അവർ എവിടെ? യവനന്മാർ എവിടെ? എന്നെയും രാജ്യത്തെയും രക്ഷിച്ച യവനന്മാർ എവിടെ?
അഘോരനാഥൻ: യവനവേഷം ധരിച്ചിരുന്നു, അത്രമാത്രമേയുള്ളു,